പലസ്തീൻ അനുകൂലികൾക്കെതിരേ നടപടിയുമായി കൊളംബിയ സർവകലാശാല
Saturday, April 20, 2024 2:18 AM IST
ന്യൂയോർക്ക്: വിദ്യാർഥികൾക്കിടയിലെ പലസ്തീൻ അനുകൂലികൾക്കെതിരേ നടപടി കർശനമാക്കി ന്യൂയോർക്കിലെ കൊളംബിയ സർവകലാശാല. കാന്പസിൽ പന്തൽ കെട്ടി സമരം നടത്തിവന്ന 108 വിദ്യാർഥികളെ യൂണിവേഴ്സിറ്റി പ്രസിഡന്റിന്റെ നിർദേശപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. സമരപ്പന്തൽ പൊളിച്ചുനീക്കുകയും ചെയ്തു.
കാന്പസിൽ പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്ന നിരവധി വിദ്യാർഥികളെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. സസ്പെൻഷനിലായവരിൽ മിനിസോട്ടയിൽനിന്നുള്ള വിവാദ റിപ്പബ്ലിക്കൻ കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിന്റെ മകൾ ഇസ്ര ഹിർസിയുമുൾപ്പെടുന്നു.
പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രയേലിനുള്ള അമേരിക്കൻ സൈനികസഹായം നിർത്തണമെന്ന് ആവശ്യപ്പെട്ടുമാണ് ദിവസങ്ങളായി കാന്പസിൽ വിദ്യാർഥികൾ പ്രതിഷേധപരിപാടി നടത്തിവന്നത്.
എന്നാൽ, വിദ്യാർഥികളുടെ പ്രതിഷേധം സർവകലാശാലാ ചട്ടങ്ങൾക്കും നയങ്ങൾക്കുമെതിരാണെന്നാണ് യൂണിവേഴ്സിറ്റി പ്രസിഡന്റ് നെമാത് മിനൗഷെ ഷാഫിക് പറയുന്നത്.
പ്രതിഷേധക്കാരെ കാന്പസിൽനിന്ന് ഒഴിപ്പിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ന്യൂയോർക്ക് പോലീസ് സ്ഥലത്തെത്തിയാണ് 108 വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്.