ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
Monday, April 22, 2024 12:17 AM IST
ലണ്ടൻ: അടുത്ത മാസം രണ്ടിനു നടക്കുന്ന ലണ്ടൻ മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജനായ വ്യവസായ പ്രമുഖൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്.
ഡൽഹിയിൽ ജനിച്ച 63 കാരനായ തരുൺ ഗുലാത്തിയടക്കം 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. നിലവിലെ മേയർ പാക് വംശജൻ സാദിഖ് ഖാൻ മൂന്നാംതവണയും മത്സരരംഗത്തുണ്ട്.
സ്വതന്ത്രനായി മത്സരിക്കുന്ന തരുൺ ഗുലാത്തി ശുഭപ്രതീക്ഷയിലാണ്. എല്ലാ പ്രധാന രാഷ്ട്രീയപാർട്ടികളെയും ലണ്ടൻനിവാസികൾ മടുത്തെന്നും ഒരു വ്യവസായി എന്നനിലയിലുള്ള തന്റെ പ്രവർത്തനപാരന്പര്യം എല്ലാവർക്കും ലാഭം നൽകുന്ന മികച്ച സിഇഒയെപ്പോലെ ലണ്ടനെ നയിക്കാൻ സഹായിക്കുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറയുന്നു.
മേയറായാൽ ബിസിനസുകാരൻ, നിക്ഷേപ വിദഗ്ധൻ എന്നീ നിലകളിലുള്ള തന്റെ ദീർഘകാലത്തെ അനുഭവസന്പത്ത് ഉപയോഗപ്പെടുത്തി നിക്ഷേപങ്ങൾ ആകർഷിച്ച് ലണ്ടനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കാനും ലോകത്തിന്റെ ആഗോളബാങ്ക് എന്ന നിലയിൽ നഗരത്തെ മാറ്റാനും സാധിക്കുമെന്ന് അദ്ദേഹം പറയുന്നു.