മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഗാസയിൽനിന്നു വീണ്ടെടുത്തു
Saturday, May 25, 2024 1:10 AM IST
ടെൽ അവീവ്: മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾകൂടി ഗാസയിൽനിന്നു വീണ്ടെടുത്തതായി ഇസ്രേലി സേന അറിയിച്ചു. ഹനാൻ യാബ്ലോങ്ക (42), ഓറിയോൺ ഹെർണാണ്ടസ് (32), മിഷെൽ നിസൻബോം (59) എന്നീ പുരുഷന്മാരുടെ മൃതദേഹങ്ങളാണു വടക്കൻ ഗാസയിലെ ജബലിയയിൽ കഴിഞ്ഞദിവസം രാത്രി നടത്തിയ ഓപ്പറേഷനിൽ കണ്ടെത്തിയത്.
ഒരാഴ്ച മുന്പും ഇസ്രേലി സേന മൂന്നു ബന്ദികളുടെ മൃതദേഹങ്ങൾ വീണ്ടെടുത്തിരുന്നു.
ഒക്ടോബർ ഏഴിലെ ഭീകരാക്രമണത്തിടെ കൊല്ലപ്പെട്ട ഇവരുടെ മൃതദേഹങ്ങൾ ഗാസയിലേക്കു കൊണ്ടുപോകുകയായിരുന്നുവെന്നു കരുതുന്നു.
നൊവാ സംഗീതോത്സവത്തിനു നേർക്കുണ്ടായ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കവേയാണു ഹാനാനും ഒറിയോണും കൊല്ലപ്പെട്ടതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മൃതദേഹം കണ്ടെത്തിയ ഷാനി ലൂക്ക് എന്ന പെൺകുട്ടിയുടെ ബോയ്ഫ്രണ്ട് ആയിരുന്നു ഓറിയോൺ ഹെർണാണ്ടസ്.
ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ 1200 പേരെ കൊലപ്പെടുത്തിയ പലസ്തീൻ ഭീകരർ 252 പേരെയാണ് ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. നൂറിനു മുകളിൽ പേർ ഇപ്പോഴും ഭീകരരുടെ കസ്റ്റഡിയിൽ തുടരുകയാണ്.
ഗാസയിൽ ഇസ്രയേൽ നടത്തിവരുന്ന പ്രത്യാക്രമണത്തിൽ 35,800 പലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടിരിക്കുന്നത്.