യാത്രക്കാർ രണ്ടുകോടി കടന്നു; വിപുലമായ ആഘോഷങ്ങളുമായി കൊച്ചി മെട്രോ
Friday, March 22, 2019 12:37 AM IST
കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്തവരുടെ എണ്ണം രണ്ടു കോടി കടന്നതിനോടനുബന്ധിച്ച് -മെട്രോ ടു ക്രോർ ഫിയസ്റ്റ്- ആഘോഷ പരിപാടിയുമായി കൊച്ചി മെട്രോ. ഇന്നു വൈകുന്നേരം 6.30ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ നടക്കുന്ന പരിപാടിയിൽ സിനിമാ താരങ്ങളായ ജയസൂര്യ, നിഖില വിമൽ എന്നിവർ മുഖ്യാതിഥികളായിരിക്കും. ആക്സിസ് ബാങ്ക്, വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക്, ജെഡി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് ജെഡി ഇൻസ്റ്റിറ്റ്യൂട്ട് അവതരിപ്പിക്കുന്ന ഫാഷൻഷോയും അരങ്ങേറും. പിന്നണി ഗായകൻ നിരഞ്ജ് സുരേഷ് അവതരിപ്പിക്കുന്ന മ്യൂസിക് ബാൻഡിന്റെ പ്രകടനവും നടക്കും.
ജയസൂര്യ, നിഖില, കൊച്ചി മെട്രോ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവർ ചേർന്ന് കേക്ക് മുറിച്ച് ആഘോഷങ്ങൾക്കു തുടക്കം കുറിക്കും. പൊതുജനങ്ങൾക്കും പരിപാടിയിൽ പങ്കെടുക്കാം. പരിപാടിയിൽ പങ്കെടുക്കാനെത്തുന്നവർ ലുലുമാളിന് എതിർവശത്തുള്ള പാർക്കിംഗ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.
കലൂർ മേഖലയിൽ നിന്നു വരുന്നവർ കാറുകൾ ചങ്ങന്പുഴ പാർക്ക് മെട്രോ സ്റ്റേഷനിലും ആലുവയിൽ നിന്ന് വരുന്നവർ കുസാറ്റ് സ്റ്റേഷനിലോ കളമശേരിയിലോ പാർക്ക് ചെയ്യണം.