തുർക്കിക്കെതിരേയും വ്യാപാര നിയന്ത്രണം
Thursday, January 16, 2020 11:21 PM IST
മുംബൈ: മലേഷ്യക്കെതിരേ കടുത്ത വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെ തുർക്കിയിൽനിന്നുള്ള ഇറക്കുമതി കുറയ്ക്കാനും ഇന്ത്യൻ നീക്കം. പല വിഷയങ്ങളിലും തുർക്കി സ്വീകരിക്കുന്ന പാക്കിസ്ഥാൻ അനുകൂല നിലപാടാണു കേന്ദ്രസർക്കാരിനെ ചൊടിപ്പിച്ചിരിക്കുന്നത്.
എന്നാൽ, മലേഷ്യയിൽനിന്നുള്ള ഇറക്കുമതികൾക്കു നിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെട്ടതുപോലെ തുർക്കിക്കെതിരേ പരസ്യപ്രസ്താവനയ്ക്കു കേന്ദ്രസർക്കാർ ഇതുവരെയും തയാറായിട്ടില്ല. തുർക്കിയിൽനിന്നുള്ള ഇറക്കുമതി നിയന്ത്രണം വിപണിയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമാകും ഇന്ത്യ നടപടിയിലേക്കു കടക്കുക. കഴിഞ്ഞ വർഷം7.8 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും തുർക്കിയും തമ്മിലുണ്ടായത്.
ഇറക്കുമതി 2.4 ബില്യണ്‍ യുഎസ് ഡോളറിന്റേതും. അസംസ്കൃത എണ്ണയാണ് തുർക്കിയിൽനിന്നുള്ള പ്രധാന ഇറക്കുമതി ഇനം. മലേഷ്യയിൽനിന്നുള്ള പാംഓയിലിന് ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ അനൗദ്യോഗികമായി ആവശ്യപ്പെട്ടതിനെത്തുടർന്നു നേരത്തേ ഇന്ത്യൻ വ്യവസായികൾ മലേഷ്യയിൽനിന്നുള്ള പാംഓയിൽ ഇറക്കുമതി ഏതാണ്ട് പൂർണമായും നിർത്തിയിരുന്നു. ഇതിനു പിന്നാലെ മൈക്രോപ്രോസസറുകൾക്കും ടെലികോം ഉപകരണങ്ങൾക്കും കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ പദ്ധതിയിട്ടിട്ടുണ്ട്.