10 റെയിൽവേ സ്റ്റേഷനുകൾക്കുകൂടി ഐഎസ്ഒ
Friday, February 14, 2020 12:34 AM IST
കണ്ണൂർ: പരിസ്ഥിതി സൗഹൃദ നടപടികൾ ഫലവത്തായി നടപ്പാക്കിയതിന് കണ്ണൂർ ഉൾപ്പെടെ പാലക്കാട് ഡിവിഷനുകീഴിലെ പത്തു റെയിൽവേ സ്റ്റേഷനുകൾക്കുകൂടി ഐഎസ്ഒ 14001: 2015 പുരസ്കാരം. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മെക്കാനിക്കൽ ക്ലീനിംഗ് എന്നിവയിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഐഎസ്ഒ സർട്ടിഫിക്കേഷൻ. പയ്യന്നൂർ, തലശേരി, കാസർഗോഡ്, കാഞ്ഞങ്ങാട്, വടകര, കൊയിലാണ്ടി, തിരൂർ, മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ എന്നീ സ്റ്റേഷനുകളാണ് മറ്റുള്ളവ. കോഴിക്കോട് റെയിൽവേ സ്റ്റേഷൻ 2019 സെപ്റ്റംബറിൽതന്നെ ഈ നേട്ടം കൈവരിച്ചിരുന്നു.
പാലക്കാട് ഡിവിഷനിൽ ഐഎസ്ഒ പുരസ്കാരം നേടുന്ന ആദ്യത്തെ സ്റ്റേഷനായിരുന്നു കോഴിക്കോട്. പാലക്കാട് ഡിവിഷനുകീഴിലെ പാലക്കാട് ജംഗ്ഷൻ, ഒറ്റപ്പാലം, ഷൊർണൂർ ജംഗ്ഷൻ, കുറ്റിപ്പുറം എന്നീ സ്റ്റേഷനുകളുടെ ഐഎസ്ഒ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട നടപടികൾ പരിഗണനയിലുണ്ട്.
ഐഎസ്ഒ സർട്ടിഫിക്കറ്റുകൾ ഇന്നലെ ഡിവിഷണൽ റെയിൽവേ മാനേജർ പ്രതാപ് സിംഗ് ഷാമി വിതരണംചെയ്തു. അഡീഷണൽ ഡിവിഷണൽ റെയിൽവേ മാനേജർ ഡി. സായിബാബ, ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ. വി.കെ. കലാറാണി, എൻവയൺമെന്റ് ആൻഡ് ഹൗസ് കീപ്പിംഗ് മാനേജർ എ. സുരേഷ് എന്നിവർ പങ്കെടുത്തു.