ഞെളിയൻപറന്പ്: സോൺഡ ഇന്‍ഫ്രാ ടെക്കിനു വീണ്ടും അനുമതി നല്‍കിയത് മുന്‍സിപ്പല്‍ ചട്ടത്തിനു വിരുദ്ധമെന്ന്
1280056
Thursday, March 23, 2023 12:20 AM IST
കോഴിക്കോട്: കരാര്‍ കാലാവധി കഴിഞ്ഞ സോൺഡ ഇന്‍ഫ്രാടെക് കമ്പനിക്ക് വീണ്ടും അനുമതി നല്കിയ കോര്പറേഷന് നടപടി മുന്‍സിപ്പല്‍ ചട്ടത്തിന് വിരുദ്ധവും ധാര്‍ഷ്ട്യവുമാണെന്ന് യുഡിഎഫ്. ബയോ മൈനിംഗ്, ക്യാപ്പിംഗ് നടത്തുന്നതിനുള്ള കരാര്‍ കാലാവധി കഴിഞ്ഞവര്‍ഷം നവംബറില്‍ അവസാനിച്ചതാണ്. അതിനു ശേഷം കമ്പനി അവരുടെ മെഷിനറി ഞെളിയന്‍ പറമ്പില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോയതാണ്. 50 ശതമാനത്തോളം ജോലി പൂര്‍ത്തീകരിച്ച കമ്പനി 70% ജോലി പൂര്‍ത്തീകരിച്ചു എന്ന് അവകാശപ്പെടുകയും കോര്പറേഷന് ഇങ്ങനെ പണം നല്കാന് ശ്രമിക്കുകയും ചെയ്യുന്നതിനെ ഒരു വിധത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ക്രമക്കേടിന് ഭരണകക്ഷി ഒത്താശ ചെയ്യുകയാണെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു.
പ്രവൃത്തി പുനരാരംഭിക്കാന്‍ ആരാണ് സോൺഡ കമ്പനിക്ക് വീണ്ടും അനുമതി നല്‍കിയതെന്ന് വ്യക്തമാക്കണം. നാല് തവണ മുമ്പ് അവസരം നല്‍കിയതാണ്. കഴിവുകെട്ട ഈ കമ്പനി, പ്രവര്‍ത്തി കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുമെന്ന് കോര്‍പറേഷനും ഭരണകൂടത്തിന് ഉറപ്പു നല്കാന് കഴിയുമോ എന്ന് വ്യക്തമാക്കണമെന്നും യുഡിഎഫ് പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് ഈ കമ്പനിക്ക് ഒത്താശ ചെയ്യുന്നതെന്ന് മേയറും ഡെപ്യൂട്ടി മേയറും വെളിപ്പെടുത്തണം. സര്‍ക്കാരിനെ ഭയപ്പെട്ടാണോ ഈ നിലപാട് സ്വീകരിച്ചത് എന്ന് ജനം സംശയിക്കുന്നു. കമ്പനിക്ക് പോലുമില്ലാത്ത താത്പര്യം ഭരണനേതൃത്വത്തിന് ഉണ്ടാകുക എന്നത് രാഷ്ട്രീയമായ സ്വാധീനത്തിന്റെ ഫലമാണെന്ന് മനസിലാക്കാന്‍ പ്രയാസമില്ല കരാര്‍ പുതുക്കാതെ നടത്തുന്ന പ്രവര്‍ത്തി അവസാനിപ്പിക്കണം. ഇനി ഫണ്ട് നല്‍കുന്നത് കൗണ്‍സിലിന്റെ അനുമതിയോടെയായിരിക്കുകയും വേണം. യുഡിഎഫ് കൗണ്‍സില്‍ പാര്‍ട്ടി നേതാവ് കെ.സി. ശോഭിതയും ഉപനേതാവ് കെ. മൊയ്തീന് കോയയും ആവശ്യപ്പെട്ടു.