വന്യമൃഗ ശല്യം: വനം വകുപ്പ് കർഷകരെ ദ്രോഹിക്കുന്നുവെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം
1297364
Thursday, May 25, 2023 11:56 PM IST
തിരുവമ്പാടി: നൂറ് കണക്കിന് കർഷകരെ കാട്ടുമൃഗങ്ങൾ കൊന്നൊടുക്കിയിട്ടും കാര്യക്ഷമമായി നടപടി എടുക്കാതെ വന്യ മൃഗങ്ങൾക്ക് വേണ്ടി വാദിക്കുന്ന വനം വകുപ്പും മന്ത്രിയും കർഷകരെ ദ്രോഹിക്കുകയാണെന്ന് ഫാർമേഴ്സ് റിലീഫ് ഫോറം ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
മൂന്ന് കർഷകരെയാണ് ഒരു ദിവസം കാട്ടുപോത്ത് കുത്തിക്കൊന്നത്. കാട്ടുപോത്തിനെ വെടിവച്ചു കൊല്ലാനുള്ള കളക്ടറുടെ ഉത്തരവിനെ വെല്ലുവിളിച്ച് കാട്ടുപോത്തിനെ കാട്ടിലേക്ക് കടത്തിവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡനെതിരേ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു.
സ്വന്തം കൃഷി ഭൂമിയിൽ വന്യമൃഗ ശല്യം കൊണ്ട് കൃഷി ചെയ്യാനാവാത്ത അവസ്ഥയിലാണ് കർഷകർ. കർഷകരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ സർക്കാരിന് കഴിയില്ലെന്നതിന്റെ ഉദാഹരണമാണ് കേരളത്തിൽ നടക്കുന്ന വന്യമൃഗ ആക്രമണങ്ങളും കർഷകരുടെ മരണങ്ങളുമെന്നും യോഗം അഭിപ്രായപ്പെട്ടു. ഫാർമേഴ്സ് റിലീഫ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി ചെയർമാൻ അലക്സാണ്ടർ പ്ലാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സാലസ് മാത്യു, വിൽസൺ വെള്ളാരംകുന്നേൽ, ടോമി, ജോസ് പുലക്കുടി, ജോർജ് കുളക്കാട്ട്, മോളി ജോർജ്, രാജു അറമത്ത്, കെ. ജോൺസൻ എന്നിവർ പ്രസംഗിച്ചു.