ഓവുചാൽ നിർമാണം പുരോഗമിക്കുന്നു
1299096
Thursday, June 1, 2023 12:00 AM IST
തിരുവമ്പാടി: അഗസ്ത്യൻമൂഴി-കൈതപ്പൊയിൽ റോഡിൽ കറ്റ്യാട് ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി പൊളിച്ചു മാറ്റി ഓവുചാൽ നിർമാണം പുരോഗമിക്കുന്നു.
പഴയ കരാറുകാരന്റെ അശാസ്ത്രീയമായ റോഡ് അലൈമെന്റ് ആണ് 75 മീറ്ററോളം നീളത്തിൽ ആറടി പൊക്കത്തിലുള്ള സംരക്ഷണഭിത്തി പൊളിച്ചു മാറ്റി ഓവുചാലിന്റെ നിർമാണം അനിവര്യമാക്കിയത്.
കറ്റ്യാട് ജംഗ്ഷനിൽ തിരുവമ്പാടി ആനക്കാംപൊയിൽ റോഡിനു കുറുകെ സ്ഥാപിച്ചിരിക്കുന്ന ഓവുചാലിലൂടെ വരുന്ന വെള്ളം 75 മീറ്റർ അകലെയുള്ള കലുങ്കിലേക്ക് എത്തിക്കുന്നതിനാണ് ഏതാണ്ട് ആറടി ഉയരത്തിലുള്ള കോൺക്രീറ്റ് ഓവു ചാൽ പുതിയ കരാർകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റി നിർമിക്കുന്നത്. പൊളിച്ചു മാറ്റിയ സംരക്ഷണഭിത്തിയുടെ നിർമാണ കാലഘട്ടത്തിൽ തന്നെ ഇതിന്റെ അശാസ്ത്രീയത സംബന്ധിച്ച് നാട്ടുകാരുടെ ഭാഗത്തു നിന്ന് പരാതി ഉയർന്നതാണ്.
അന്ന് അധികൃതർ ശ്രദ്ധച്ചിരുന്നെങ്കിൽ ലക്ഷക്കണക്കിനു രൂപ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള ഈ പുനർ നിർമാണം ഒഴിവാക്കാമായിരുന്നു എന്നാണ് നാട്ടുകാരുടെ അഭിപ്രായം.