തണ്ടപ്പേർ: കർഷകന്റെ കൃഷിയിടത്തിൽ വനം -റവന്യൂ സംയുക്ത സർവേ നടത്തി
1337965
Sunday, September 24, 2023 12:56 AM IST
കൂരാച്ചുണ്ട്: കൈവശമുള്ള ഭൂമിയുടെ തണ്ടപ്പേർ ലഭിക്കാനായി അപേക്ഷ നൽകി വർഷങ്ങൾ കാത്തിരുന്നിട്ടും നടപടിയില്ലാതെ ദുരിതത്തിലായ കർഷകന്റെ കൃഷിയിടത്തിൽ കളക്ടറുടെ നിർദേശ പ്രകാരം വനം -റവന്യൂ ഉദ്യോഗസ്ഥർ സംയുക്ത സർവേ നടത്തി. കൂരാച്ചുണ്ട് വില്ലേജിലെ ഇരുപത്തെട്ടാംമൈലിലെ കർഷകനായ കുര്യൻ ചെമ്പനാനി എന്ന മണാങ്കൽതടത്തിൽ സിറിയക്കിന്റെ കൃഷിയിടത്തിലാണ് സർവേ നടത്തിയത്.
വനംവകുപ്പിന്റെ ഭൂമി കൈയ്യേറ്റം നടന്നുവെന്ന പ്രശ്നത്തെ തുടർന്ന് കർഷകൻ കളക്ടർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെത്തി ഇന്നലെ സംയുക്തമായി സർവേ നടത്തിയത്. പ്രാഥമിക പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ സന്ദർശിച്ചിരുന്നു. കർഷകന്റെ പേരിലുള്ള ഒരേക്കർ 55 സെന്റ് ഭൂമിയ്ക്ക് നികുതി നൽകിയത് അടക്കം 1977 ന് മുമ്പുള്ള എല്ലാ കൈവശ രേഖകളും പുരയിടവുമുള്ള ഭൂമിയാണിത്. സർവേ സംബന്ധിച്ച റിപ്പോർട്ട് തയാറാക്കി വനം വകുപ്പും റവന്യൂ വകുപ്പും കളക്ടർക്ക് സമർപ്പിക്കും.
താലൂക്ക് സർവേയർ സി.ആർ. ശ്രീലാൽ, ഫോറസ്റ്റ് ഡെപ്യൂട്ടി റെയിഞ്ചർ സി. വിജിത്ത്, ഫോറസ്റ്റ് സർവേയർ കെ. മനോജൻ, വില്ലേജ് ഓഫീസർ കെ. ഹരിദാസൻ എന്നിവരടങ്ങുന്ന സംഘമാണ് സർവേ നടത്തിയത്.