ലീഗൽ സർവീസസ് മീഡിയേറ്റർമാർക്ക് പരിശീലനം
1245906
Monday, December 5, 2022 12:46 AM IST
കൽപ്പറ്റ: കേരള സ്റ്റേറ്റ് മീഡിയേഷൻ ആൻഡ് കണ്‍സിലിയേഷൻ സെന്റർ, ജില്ലാ മീഡിയേഷൻ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ ലീഗൽ സർവീസസ് മീഡിയേറ്റർമാർക്ക് പരിശീലനം നൽകി. പിഡബ്ല്യുഡി റസ്റ്റ്ഹൗസ് ഹാളിൽ ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.
മീഡിയേറ്റർമാരുടെ മുന്നിൽ വരുന്ന ഓരോ കേസും ഗൗരവമായി കാണണമെന്ന് അവർ പറഞ്ഞു. മീഡിയേഷൻ പ്രവർത്തനരീതി വാദി-പ്രതി ഭാഗങ്ങൾ അറിഞ്ഞിരിക്കണം. ഈ പ്രക്രിയ രഹസ്യസ്വഭാവമുള്ളതും അനൗപചാരികവുമാണെന്ന് ബോധ്യപ്പെടുത്തണമെന്നും ജസ്റ്റിസ് പറഞ്ഞു.
പ്രിൻസിപ്പൽ ജില്ലാ ജഡ്ജും മീഡിയേഷൻ സെന്റർ ജില്ലാ കോ ഓർഡിനേറ്ററുമായ ജോണ്സണ് ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജഡ്ജും കെഎംസ്എംസിസി ഡയറക്ടറുമായ ജോണി സെബാസ്റ്റ്യൻ, സബ് ജഡ്ജും കൽപ്പറ്റ മീഡിയേഷൻ സെന്റർ കോ ഓർഡിനേറ്ററുമായ സി. ഉബൈദുള്ള, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.ആർ. സുനിൽകുമാർ, മീഡിയേറ്റർ കോഓർഡിനേറ്റർ അഡ്വ.ടി.യു. ബാബു, പരിശീലകരായ അഡ്വ.വി.പി. തങ്കച്ചൻ, അഡ്വ.ജി. ജയശങ്കർ എന്നിവർ പ്രസംഗിച്ചു.
കോടതികളിൽ കെട്ടിക്കിടക്കുന്ന പരാതികൾ മീഡിയേഷൻ സെന്ററിലൂടെ പരിഹരിക്കുകയാണ് മീഡിയേറ്ററുടെ ചുമതല. സാക്ഷി വിസ്താരമോ തെളിവ് ഹാജരാക്കലോ ഉണ്ടാകില്ല. സമയലാഭവും സാന്പത്തിക ലാഭവും പരാതിക്കാരന് ലഭിക്കും. കേരളത്തിൽ 71 മീഡിയേഷൻ സെന്ററുകളിലായി 674 മീഡിയേറ്റർമാരാണ് പ്രവർത്തിക്കുന്നത്.