സുസ്ഥിര ഗ്രാമീണ ടൂറിസം: ജപ്പാൻ പ്രതിനിധി സംഘം എടവക സന്ദർശിച്ചു
1262875
Sunday, January 29, 2023 12:02 AM IST
കൽപ്പറ്റ: വടക്കേവയനാട്ടിലെ എടവക പഞ്ചായത്തിൽ ജപ്പാൻ പ്രതിനിധി സംഘം സന്ദർശനം നടത്തി.
പഞ്ചായത്തിൽ നടപ്പാക്കുന്ന സുസ്ഥിര ടൂറിസം പദ്ധതിയെക്കുറിച്ചു മനസിലാക്കുന്നതിനും കണ്‍സർവേഷൻ ഇന്റർനാഷണൽ എന്ന സംഘടനയുമായുള്ള സഹകരണ സാധ്യത ചർച്ച ചെയ്യുന്നതിനുമായിരുന്നു സന്ദർശനം.
ജപ്പാനിലെ അകിത ഇന്റർനാഷണൽ യൂണിവേഴ്സിറ്റി പ്രഫ.ഡോ.യോജി നട്ടോറിയും യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർഥിയും എറണാകുളം സ്വദേശിയുമായ ഫിലിപ്പ് ജോർജുമാണ് എടവകയിൽ എത്തിയത്. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ്, അംഗങ്ങളായ ശിഹാബ് അയാത്ത്, വിനോദ് തോട്ടത്തിൽ, ഗിരിജ സുധാകരൻ, സെക്രട്ടറി എൻ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇവർക്ക് സ്വീകരണം നൽകി.
പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മാസ്റ്ററും ഭരണ സമിതിയിലെ മറ്റംഗങ്ങളുമായും സംഘം ചർച്ച നടത്തി. പഞ്ചായത്തിലെ ടുറിസം വർക്കിംഗ് ഗ്രൂപ്പ്, ടൂറിസം ഗ്രാമസഭ എന്നിവയെക്കുറിച്ച് പ്രസിഡന്റ് വിശദീകരിച്ചു. പ്രകൃതിക്കിണങ്ങിയ ജനകീയ ടൂറിസം പദ്ധതിക്ക് തുടക്കംകുറിക്കാൻ പഞ്ചായത്ത് ഒരുങ്ങുന്നതിൽ സന്തോഷമുണ്ടെന്നും ഇന്റ്ർനാഷണൽ കണ്‍സർവേഷന്റെ സഹകരണം ഉറപ്പുവരുത്തുന്നതിനു നടപടി സ്വീകരിക്കുമെന്നും ജപ്പാൻ പ്രതിനിധി സംഘം വ്യക്തമാക്കി.