മാവിലാംതോട്, വണ്ടിക്കടവ്, കന്നാരംപുഴ പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷം
1265572
Monday, February 6, 2023 11:58 PM IST
പുൽപ്പള്ളി: കേരള- കർണാടക അതിർത്തിയോട് ചേർന്ന വണ്ടിക്കടവ്, കാപ്പിസെറ്റ്, കന്നാരംപുഴ പ്രദേശങ്ങളിൽ കാട്ടാന കൃഷി നശിപ്പിക്കുന്നത് പതിവായിട്ടും വനംവകുപ്പ് ആനകളെ തുരത്തുന്നില്ലെന്ന് പരാതി.
വേനൽ രൂക്ഷമായതോടെ കർണാടകയിലെ ബന്ദിപ്പൂർ വനമേഖലയിൽ നിന്നും വയനാട് വന്യജീവി സങ്കേതത്തിൽ നിന്നുമുള്ള ആനകളാണ് വനാതിർത്തിയിൽ സ്ഥാപിച്ച ട്രഞ്ചും ഫെൻസിംഗും തകർത്ത് വ്യാപകമായി കൃഷി നശിപ്പിച്ചത്. വണ്ടിക്കടവ്, മാവിലംതോട് പ്രദേശങ്ങളിൽ സ്ഥിരം ശല്യക്കാരനായ ഒറ്റയാൻ ഒരാഴ്ചയ്ക്കിടെ നശിപ്പിച്ചത് 20 ഓളം തെങ്ങുകളും മറ്റ് കൃഷികളുമാണ്. വേട്ടക്കുന്നേൽ തോമസിനും തറയിൽ പാപ്പച്ചനും എട്ട് വീതം തെങ്ങുകൾ നഷ്ടമായി.
കഴിഞ്ഞ ദിവസം വേലമ്മാവു ടി. നാരായണന്റെ തോട്ടത്തിൽ നിന്ന തെങ്ങ് വൈദ്യുതി ലൈനിലേക്ക് തള്ളിയിട്ടു. നേരം പുലരും വരെ കൃഷിയിടങ്ങളിൽ തങ്ങുന്ന ആനകളെ ഉൾവനത്തിലേക്ക് തുരത്താൻ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
വനാതിർത്തിയിലെ തകർന്ന ട്രഞ്ചും ഫെൻസിംഗും നന്നാക്കുന്നതിനും കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ട് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ് പ്രദേശത്തെ ജനങ്ങൾ.