മഹിളാ കോണ്ഗ്രസ് പ്രാർഥന യജ്ഞം നടത്തി
1266130
Wednesday, February 8, 2023 11:45 PM IST
കൽപ്പറ്റ: വീട്ടമ്മമാരെ സാരമായി ബാധിക്കുന്ന സംസ്ഥാന ബജറ്റിനെതിരേ വ്യത്യസ്ത സമരവുമായി മഹിളാ കോണ്ഗ്രസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിന് മുന്പിൽ പ്രാർത്ഥനാ യജ്ഞം നടത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എൻ. ബാലഗോപാലിനും സത്ബുദ്ധി തോന്നണേ എന്ന പ്രാർത്ഥനാ ഗാനം ആലപിച്ചാണ് മഹിളാ കോണ്ഗ്രസ് പ്രവർത്തകർ പ്രാർത്ഥനാ യജ്ഞം നടത്തിയത്.
വിലക്കയറ്റം സൃഷ്ടിക്കുന്ന ബജറ്റ് ഏറെ ബാധിക്കുന്നത് വീട്ടമ്മമാരെയാണെന്നും അതിനാൽ രാഷ്ട്രീയത്തിനതീതമായി എല്ലാ സ്ത്രീകളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരേ പ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത മുൻ മന്ത്രിയും എഐസിസി അംഗവുമായ പി.കെ. ജയലക്ഷ്മി പറഞ്ഞു. ജനദ്രോഹ ബ്ജറ്റിനെതിരേയുള്ള തുടർസമരങ്ങൾക്ക് കോണ്ഗ്രസ് നേതൃത്വം കൊടുക്കുമെന്നും അവർ പറഞ്ഞു.
മഹിളാ കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്നമ്മ ജോസ് അധ്യക്ഷത വഹിച്ചു. കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സണ് കെ. അജിത, ഡി.പി. രാജശേഖരൻ, പി. ശോഭനാകുമാരി, ലിസി സാബു, ജിനി തോമസ്, ഉഷ വിജയൻ, ബീന ജോസ്, ആയിഷ പള്ളിയാൽ, ശ്രീജ ബാബു, ബി. സുധ, ഐ.ബി മൃണാളിനി, എസ്. സിബി, ഇ.വി. ഏബ്രഹാം, ഇ. ലതിക, ഇ. ഷൈജി എന്നിവർ പ്രസംഗിച്ചു.