പ്രസവമുറിയിൽ രോഗിക്ക് ശകാരം; നഴ്സിന് താക്കീത്
1283011
Saturday, April 1, 2023 12:12 AM IST
കൽപ്പറ്റ: മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രസവമുറിയിൽ ഗർഭിണിയെ ശകാരിക്കുകയും മർദ്ദിക്കുകയും ചെയ്തെന്ന പരാതിയിൽ നഴ്സിനെ വിളിച്ചുവരുത്തി ഇത്തരം സംഭവങ്ങൾ മേലിൽ ആവർത്തിക്കരുതെന്ന് കമ്മീഷൻ കർശന നിർദേശം നൽകി. ഏറെ മാനസിക സമ്മർദ്ദവും ശാരീരിക ബുദ്ധിമുട്ടും അനുഭവിക്കുന്ന ഗർഭിണികളോടും മറ്റും അനുകന്പ പൂർണമായ സമീപനവും സൗമ്യമായ പെരുമാറ്റവും പരിഗണനയും നൽകാൻ നഴ്സുമാരും ഡോക്ടർമാരും ശ്രദ്ധിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. നഴ്സിംഗ് കോഡ് ഓഫ് എത്തിക്സിന് വിധേയമായിട്ടായിരിക്കണം നഴ്സുമാർ പ്രവർത്തിക്കേണ്ടതെന്നും കമ്മീഷൻ ഉത്തരവിൽ നിരീക്ഷിച്ചു. ആരോപണവിധേയയായ നഴ്സിനോട് ഇക്കാര്യം കമ്മീഷൻ നേരിട്ടറിയിച്ചു.
2022 ജൂണ്‍ ഒന്‍പതിനാണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ സംഭവമുണ്ടായത്. ഫരീദ തേവ് എന്ന രോഗി ഇതു സംബന്ധിച്ച് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നടത്തിയ അന്വേഷണത്തിൽ ജീവനക്കാരുടെ രോഗികളോടുള്ള പെരുമാറ്റം സംബന്ധിച്ച് കർശന നിർദേശം നൽകാൻ തീരുമാനിച്ചതായി റിപ്പോർട്ടിൽ പറയുന്നു. നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആരോപണ വിധേയയായ നഴ്സിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 14 ന് കൽപ്പറ്റ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്ന സിറ്റിംഗിൽ കമ്മീഷൻ നഴ്സിനെ വിളിച്ചുവരുത്തി വിശദീകരണം വാങ്ങി. ആവശ്യമായ പരിചരണം രോഗിക്ക് നൽകിയിട്ടുണ്ടെന്ന് നഴ്സ് അറിയിച്ചു. ആരോപണങ്ങൾ നഴ്സ് നിഷേധിച്ചു. ലേബർ ടേബിളിൽ രോഗി സഹകരിച്ചില്ല.
എട്ടുവർഷമായി പ്രസവമുറിയിൽ ജോലിചെയ്യുന്ന താൻ പരാതിക്കിട നൽകാതെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും നഴ്സ് അറിയിച്ചു. മാനന്തവാടി ജില്ലാ ആശുപത്രി സൂപ്രണ്ടിനാണ് കമ്മീഷൻ നിർദേശം നൽകിയത്. മനുഷ്യാവകാശ പ്രവർത്തകനായ പന്തളം കടയ്ക്കാട് സ്വദേശി അക്ബർ അലി സമർപ്പിച്ച പരാതിയിലാണ് നടപടി.