ക്ലീൻ കൂടോത്തുമ്മൽ കാമ്പയിൻ; ടൗൺ സൗന്ദര്യവത്കരണത്തിനു തുടക്കമായി
1300200
Monday, June 5, 2023 12:02 AM IST
കൽപ്പറ്റ: ഹരിതകേരളം മിഷൻ, കണിയാമ്പറ്റ പഞ്ചായത്ത്, ചീക്കല്ലൂർ ദർശന ലൈബ്രറി എന്നിവരുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ക്ലീൻ കൂടോത്തുമ്മൽ കാമ്പയിനിന്റെ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന കൂടോത്തുമ്മൽ ടൗൺ സൗന്ദര്യവൽകരണത്തിന് തുടക്കമായി.
കണിയാമ്പറ്റ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. നവകേരളം കർമപദ്ധതി ജില്ലാ കോർഡിനേറ്റർ ഇ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ഒരു വർഷമായി ലൈബ്രറിയുടെ നേതൃത്വത്തിൽ ഇടവിട്ട ഞായറാഴ്ചകളിൽ ടൗൺ ശുചീകരണം നടത്തുന്നു.
ടൗണിലെ കടകളിൽ ബിന്നുകൾ സ്ഥാപിച്ച് അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ ഹരിതകർമസേനയ്ക്ക് കൈമാറുന്നു. ഇതിന് യൂസർ ഫീസും നൽകുന്നു. കച്ചവടക്കാരും ഓട്ടോ ഡ്രൈവർമാരും വലിച്ചെറിയലിനെതിരെ ബോധവൽക്കരണം നടത്തുന്നു. നിലവിൽ നടക്കുന്ന ശുചീകരണത്തോടൊപ്പം ടൗൺ സൗന്ദര്യവത്കരണത്തിനായി ജനകീയ ഇടപെടൽ നടത്തും. ഇതിന്റെ ഭാഗമായി തുണി സഞ്ചി തയ്യാറാക്കി വിതരണം ചെയ്യും. ടൗണിനോട് ചേർന്ന വാർഡുകളിൽ നൂറു ശതമാനം വാതിൽപ്പടി ശേഖരണവും യൂസർ ഫീയും ഉറപ്പു വരുത്തുന്നതിന് ലൈബ്രറിയുടെ നേതൃത്വത്തിൽ പ്രത്യേക കാമ്പയിൻ സംഘടിപ്പിക്കും.
ചടങ്ങിൽ അംഗങ്ങളായ എ.വി. സുജേഷ് കുമാർ, ടി.കെ. സരിത, ദർശന ലൈബ്രറി പ്രസിഡന്റ് ശിവൻപിള്ള, അംഗങ്ങമായ പി. ബിജു, എം. ദേവകുമാർ, കെ.കെ. മോഹൻദാസ്, പി. സുകുമാരൻ, ഒ.പി. വാസുദേവൻ, വാസുദേവൻ ചീക്കല്ലൂർ, വി.എസ്. വർഗീസ്, ഷീബ ജയൻ, കെ.വി. ഉമ, മിനി സുരേഷ്, പി. അശോകൻ, ഹരിതകർമസേന പ്രസിഡന്റ് സിന്ധു തുടങ്ങിയവർ പ്രസംഗിച്ചു.