"എന്റെ കേരളം എന്നും സുന്ദരം’ പ്രചാരണ വീഡിയോ പ്രകാശനം ചെയ്യും
1453868
Tuesday, September 17, 2024 7:02 AM IST
കൽപ്പറ്റ: മേപ്പാടി പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തെത്തുടർന്നു മാന്ദ്യത്തിലായ വയനാട് ടൂറിസത്തെ തിരികെപ്പിടിക്കാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ടൂറിസം വകുപ്പ് ഇൻഫ്ളുവൻസേഴ്സ് മീറ്റ് നടത്തുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ വൈകുന്നേരം അഞ്ച് വരെ മാനന്തവാടി ഗാന്ധി പാർക്കിലാണ് പരിപാടി.
ലോകമെന്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ടു നടത്തുന്ന "എന്റെ കേരളം എന്നും സുന്ദരം’ കാന്പയിനിന്റെ ഭാഗമായാണ് മീറ്റ്. 30 ഓളം സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സ് പരിപാടിയുടെ ഭാഗമാകും. മീറ്റിന്റെ ഭാഗമായി ജില്ലയുടെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കുന്ന ഇൻഫ്ളുവൻസേഴ്സ് മനോഹരമായ ഭൂപ്രകൃതിയും പ്രധാന ഡെസ്റ്റിനേഷനുകളും അടങ്ങുന്ന വീഡിയോ ഉള്ളടക്കങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്യും.
കാന്പയിനിന്റെ ഒൗദ്യോഗിക വീഡിയോ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സുമായി അദ്ദേഹം സംവദിക്കും. പുഞ്ചിരിമട്ടം ഉരുൾ ദുരന്തത്തിനുശേഷം നടക്കുന്ന തെറ്റായ പ്രചാരണം ജില്ലയിൽ ടൂറിസം-ഹോസ്പിറ്റാലിറ്റി വ്യവസായത്തെ ബാധിച്ചു. ഹോട്ടൽ ബുക്കിംഗ് ഉൾപ്പെടെ റദ്ദാക്കുന്നതിലേക്കു നയിച്ചു.
ഉരുൾപൊട്ടൽ മേപ്പാടി പഞ്ചായത്തിലെ മൂന്നു വാർഡുകളെയാണ് ബാധിച്ചത്. എന്നാൽ ദുരന്തത്തെ വയനാട് ദുരന്തം എന്നാണ് സമൂഹമാധ്യമങ്ങളിലടക്കം പലരും വിശേഷിപ്പിച്ചത്. ഇത് ജില്ലയിൽ ടൂറിസം മേഖലയെ തളർത്തി. ആശങ്കയെത്തുടർന്ന് പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽനിനിന്നു വളരെ അകലെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകൾ പോലും ടൂറിസ്റ്റുകൾ റദ്ദാക്കി. ഇത് നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെ ബാധിച്ചു. ഈ സാഹചര്യത്തിലാണ് ’എന്റെ കേരളം എന്നും സുന്ദരം’ കാന്പയിൻ ആസൂത്രണം ചെയ്തത്.
വയനാടിന്റെ വിനോദസഞ്ചാരമേഖലയ്ക്കായി സംസ്ഥാന സർക്കാർ പ്രത്യേക പദ്ധതികൾ നടപ്പാക്കിയിരുന്നു. ഇത് വൻതോതിൽ സഞ്ചാരികൾ ജില്ലയിൽ എത്തുന്നതിനു സഹായകമായി. പ്രധാന ഡെസ്റ്റിനേഷൻ എന്ന നിലയിൽ വയനാട് പ്രാധാന്യം കൈവരിച്ചു. വാരാന്ത്യങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങി. ഈ സ്ഥിതിയാണ് ഉരുൾ ദുരന്തത്തെത്തുടർന്നു തകിടം മറിഞ്ഞത്. കോവിഡിനു ശേഷം’സേഫ് കേരള’ കാന്പയിനിൽ ആദ്യം പരിഗണിച്ചതും വയനാടിനെയാണ്.