ബിഎസ്എൻഎൽ കേബിൾ മോഷ്ടാക്കൾ അറസ്റ്റിൽ
1574479
Thursday, July 10, 2025 2:09 AM IST
ഉളിക്കല്‍: നുച്യാട് പാലത്തിനു സമീപത്തുനിന്ന് ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിച്ച രണ്ടുപേരെ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ മുനവര്‍ അലി ( 31), ചനോവര്‍ ഹുസൈന് ( 25) എന്നിവരെയാണ് പോലീസ് സംഘം പയ്യന്നൂരില്‍ നിന്ന് അറസ്റ്റ് ചെയ്തത്.
ജൂണ്‍ 28നാണ് നുച്യാട് പാലത്തില്‍ നിന്ന് ബിഎസ്എൻഎൽ കേബിള്‍ മോഷണം പോയത്. അധികൃതർ ഉളിക്കൽ പോലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. പകല്‍ സമയങ്ങളില്‍ കുപ്പി പെറുക്കാനെന്ന നിലയിൽ മോഷണം നടത്തേണ്ട സ്ഥലം നിരീക്ഷിക്കും. രാത്രിയിൽ വാഹനത്തിൽ എത്തി കേബിളുകള്‍ മുറിച്ചെടുത്ത് കടക്കുന്ന രീതിയാണ് നടത്തിയിരുന്നത്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബുവിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് അംഗങ്ങളും ഉളിക്കല്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഒരാഴ്ചക്കുള്ളിൽ 200 ഓളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെകുറിച്ചുള്ള സൂചന ലഭിച്ചത്. സമാനമായി തളിപ്പറമ്പ് ദേശീയ പാതയിലും കേബിളുകള്‍ മോഷണം പോയതായി വിവരം ലഭിച്ചു.
തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ രണ്ടുമോഷണവും ഒരേ രീതിയിൽ നടന്നതായും പ്രതികളെക്കുറിച്ചും വ്യക്തമായ തെളിവുകൾ ലഭിച്ചു. തളിപ്പറമ്പിലെ മോഷണത്തിന് ഉപയോഗിച്ച വാഹനം തന്നെ നുച്യാട് പാലത്തിലെ കേബിളുകള്‍ മോഷ്ടിക്കാൻ ഉപയോഗിച്ചതായി അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.
പോലീസ് പിന്തുടരുന്നതായി മനസിലാക്കിയ പ്രതികൾ അന്വേഷണം വഴി തെറ്റിക്കാനായി പല സ്ഥലങ്ങളിലൂടെയും ചുറ്റി സഞ്ചരിച്ചു. മോഷ്ടിക്കാൻ ഉപയോഗിച്ച വാഹനം പയ്യന്നൂരിലെ വര്‍ക്ക്ഷോപ്പില്‍ ഒളിപ്പിച്ചിടത്തു നിന്ന് പോലീസ് കണ്ടെടുത്തു. തുടർന്നാണ് പ്രതികളും പിടിയിലാകുന്നത്. അന്വേഷണ സംഘത്തില്‍ ഉളിക്കല്‍ സിഐ വി.എം. ഡോളി, എസ്ഐ ഷാജന്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രവീണ്‍ ഊരത്തൂര്‍, തോമസ് ജോസഫ്, ഷാജി, ഇരിട്ടി സ്റ്റേഷനിലെ സ്ക്വാഡ് അംഗം ഷിജോയി, പെരിങ്ങോം സ്റ്റേഷനിലെ എസ്ഐ റൗഫ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.