ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കി; ഹോട്ടല്‍ നഗരസഭ അടപ്പിച്ചു
1574486
Thursday, July 10, 2025 2:09 AM IST
തളിപ്പറമ്പ്: പൊതുപണിമുടക്കിന്റെ മറവില്‍ പട്ടാപ്പകല്‍ ഹോട്ടലിലെ കക്കൂസ് മാലിന്യം തോട്ടിലേക്ക് പന്പ് ചെയ്ത് ഒഴുക്കി. സംഭവത്തെ തുടർന്ന നഗരസഭാധികൃതർ ഹോട്ടൽ അടപ്പിച്ചു. ഇന്നലെ ഉച്ചയോടെ തളിപ്പറന്പ് ചിറവക്കിലെ ബാംബു ഫ്രഷ് റസ്റ്റോറന്റിലെ ശുചിമുറി മാലിന്യമാണ് കീഴാറ്റൂർ തോട്ടിലേക്ക് ഒഴുക്കിവിട്ടത്. കടുത്ത ദുർഗന്ധത്തെ തുടർന്ന് പ്രദേശവാസികൾ അന്വേഷിച്ചപ്പോഴാണ് ഹോട്ടലിലെ ശുചിമുറി മാലിന്യം ഒഴുക്കി വിട്ടതാണെന്ന് മനസിലായത്.
ഇതോടെ കീഴാറ്റൂരില്‍ നിന്നും എത്തിയ നാട്ടുകാര്‍ പ്രതിഷേധവുമായി ഹോട്ടൽ വളയുകയായിരുന്നു. നഗരസഭാ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പദ്മനാഭന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. നബീസബീവി, പി.പി. മുഹമ്മദ് നിസാര്‍, കൗണ്‍സിലര്‍മാരായ കെ.എം. ലത്തീഫ്, കെ. രമേശന്, സിപിഎം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കെ.ബിജുമോന് എന്നിവരും സ്ഥലത്തെത്തിയിരുന്നു.
തളിപ്പറന്പ് പോലീസും സ്ഥലത്തെത്തി. സെപ്റ്റിക് ടാങ്ക് പ്രശ്നത്തില്‍ ശാശ്വതപരിഹാരം കണ്ടാൽ മാത്രമേ ഹോട്ടൽ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കുകയുള്ളൂവെന്ന് നഗരസഭ വൈസ്ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ അറിയിച്ചു.
റസ്റ്റോറന്റ് ഉടമയ്ക്കെതിരേ കേസ്
ഹോട്ടലിലെ ശുചിമുറി മാലിന്യം തോട്ടിലേക്ക് ഒഴുക്കി വിട്ട സംഭവത്തിൽ ബാംബു ഫ്രഷ് റസ്റ്റോറന്റ് ഉടമക്കെതിരേ പോലീസ് കേസെടുത്തു. സിപിഎം തളിപ്പറന്പ് നോർത്ത് ലോക്കൽ സെക്രട്ടറി കെ. ബിജുമോൻ നൽകിയ പരാതിയിലാണ് നടപടി. ആറുമാസം തടവോ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഹോട്ടലുടമ ചെയ്തിരിക്കുന്നത്.