കരാറുകാർ കനിഞ്ഞാൽ വീട് ലഭിക്കും; അയൽവീടുകളിൽ അന്തിയുറങ്ങി ദമ്പതികൾ
1574494
Thursday, July 10, 2025 2:09 AM IST
ഉളിക്കൽ: ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടും അന്തിയുറങ്ങാൻ ഇടമില്ലാതെ വൃദ്ധദമ്പതിമാർ അയൽവീട്ടിൽ അഭയം പ്രാപിക്കുന്നു. ഉളിക്കൽ വയത്തൂരിലെ പി.എ. കൃഷ്ണൻ നമ്പ്യാരും ഭാര്യ കമലാക്ഷിയുമാണ് കിടക്കാൻ ഇടമില്ലാതെ ബന്ധുക്കളുടെ സഹായത്താൽ കഴിയുന്നത്. ലൈഫ് ഭവന പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെങ്കിലും കരാറുകാർ ഏറ്റെടുക്കാൻ തയാറാവാതെ വന്നതോടെ ഇവരുടെ വീട് പണി അനിശ്ചിതത്വത്തിലാണ്.
ആരെങ്കിലും കരാർ ഏറ്റെടുത്താൽ മാത്രമേ പ്രായം എൺപതിനോട് അടുക്കുന്ന ഇരുവരുടെയും വീടെന്ന സ്വപനം യാഥാർഥ്യമാകുകയുള്ളൂ. ലൈഫ് പദ്ധതി പ്രകാരം അനുവദിച്ച് വീടിന്റെ ഒന്നാം ഗഡു തുക ലഭിച്ചെങ്കിലും ഇത് ബാങ്കിൽ നിന്ന് എടുക്കാൻ കഴിഞ്ഞിട്ടില്ല.
മക്കളില്ലാത്ത ഇവർ പ്രായത്തിന്റെ ബുദ്ധിമുട്ടുകളും രോഗങ്ങളും കാരണം മരുന്നിനുപോലും കഷ്ടപ്പെടുകയാണ്. ബന്ധുവിന്റെ സഹായത്തിലാണ് ഇപ്പോൾ ഇടിഞ്ഞുവീഴാറായ പഴയവീട്ടിൽ നിന്ന് മാറി താമസിക്കുന്നത്.