പണിമുടക്ക് ദിനം ജോലിക്കെത്തിയവർക്കു നേരെ കൈയേറ്റവും ഭീഷണിയുമെന്ന് എൻജിഒ അസോ.
1574491
Thursday, July 10, 2025 2:09 AM IST
കണ്ണൂർ: ഇടത് സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് ദിനത്തിൽ പണിമുടക്കിൽ പങ്കെടുക്കാതെ സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും ജോലിക്കെത്തിയവർക്ക് നേരെ കൈയേറ്റവും ഭീഷണിയും നടന്നതായും ജീവനക്കാരുടെ വാഹനം കേടുവരുത്തുകയും ചെയ്തതായി കേരള എൻജിഒ അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി ആരോപിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് കേരള എൻജിഒ അസോസിയേഷൻ കളക്ടറേറ്റ് പരിസരത്ത് പ്രകടനം നടത്തുമെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു. കളക്ടറേറ്റ്, പിണറായി സിഎച്ച്സി, തലശേരി ബ്രണ്ണൻ കോളജ് ബിഎഡ് സെന്റർ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പെരിങ്ങോം വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ ജോലിക്ക് ഹാജരായവരെയാണ് പണിമുടക്ക് അനുകൂലികൾ ഭീഷണിപ്പെടുത്തി കൈയേറ്റം നടത്തിയത്. പെരിങ്ങോം വില്ലേജ് ഓഫീസ് ജീവനക്കാരന്റെ ഇരുചക്രവാഹനം കേടുവരുത്തുകയും ചെയ്തു.
കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ശന്പള പരിഷ്കരണങ്ങളും നിഷേധിക്കുന്ന ഇടത് അനുകൂല സംഘടനകൾ ഇതെല്ലാം മറന്ന് കേന്ദ്ര സർക്കാരിനെതിരെ മാത്രം പണിമുടക്ക് സമരം നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് കേരള എൻജിഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. പണിമുടക്ക് ദിനത്തിൽ ഇടത് യൂണിയനിലുള്ളവർ പോലും ഓഫീസിൽ ഹാജരാവുകയും എത്തിപ്പെടാൻ കഴിയാത്തവർ അവധിയെടുക്കുകയും ചെയ്ത് ഇടത് സംഘടനാ നേതാക്കളെ പ്രകോപിതരാക്കി.
സർക്കാർ സ്പോൺസേർഡ് സമരമായിട്ടും സമരം വിജയിപ്പിക്കാൻ കൈയൂക്കിന്റെ സ്ഥിതിയിലേക്ക് പോകേണ്ടി വന്ന സാഹചര്യം കേരളത്തിൽ ആദ്യമാണെന്നും എൻജിഒ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.