പുതിയ പാക്കേജ് ഉടൻ പ്രഖ്യാപിക്കണം: സോണി സെബാസ്റ്റ്യൻ
1574488
Thursday, July 10, 2025 2:09 AM IST
ആലക്കോട്: വയനാട്-കരിന്തളം 400 കെവി വൈദ്യുത ലൈൻ കടന്നുപോകുമ്പോൾ വീടും സ്ഥലവും വിളകളും നഷ്ടപ്പെടുന്ന കൃഷിക്കാർക്ക് വേണ്ടി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിലെ അപാകതകൾ പരിഹരിച്ച് പുതിയ പാക്കേജ് ഉടൻ പ്രഖ്യാപിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
ഭൂമിയും വിളകളും വീടും നഷ്ടപ്പെടുന്ന കർഷകരെ പൂർണമായി വിശ്വാസത്തിൽ എടുക്കാതെ ഏകപക്ഷീയമായി പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിനെക്കുറിച്ച് വ്യാപകമായ പരാതികളാണ് ഉയർന്നുവന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഭൂമിയും വിളകളും വീടും നഷ്ടപ്പെടുന്ന കർഷകരുടെ ഭൂമിക്കും വിളകൾക്കും അതാത് പ്രദേശത്തെ ന്യായവില ഉറപ്പാക്കാനുളള നടപടിയാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് സോണി സെബാസ്റ്റ്യൻ പറഞ്ഞു.
മുന്നോട്ടുവച്ച ആവശ്യങ്ങൾ പരിഗണിക്കാതെ ഏകപക്ഷീയമായ പാക്കേജ് പ്രഖ്യാപനം അടിച്ചേൽപ്പിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. ഭൂമി നഷ്ടപ്പെടുന്ന കർഷകർക്ക് വിളകൾക്കും ഭൂമിക്കും വീടിനും മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്താതെ ഭൂമിയിൽ കടന്നു കയറി നിർമാണ പ്രവർത്തികൾ ചെയ്യാനുള്ള കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രമം കർഷകരെ അണിനിരത്തി നേരിടും.
കൃഷിക്കാരെ വഴിയാധാരമാക്കുന്ന കെഎസ്ഇബിയുടെ നടപടിയെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വയനാട് മുതൽ കാസർഗോഡ് വരെ 100 കണക്കിന് കൃഷിക്കാരെ ബാധിക്കുന്ന പ്രശ്നത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ട് കൂട്ടായ ചർച്ചയ്ക്ക് ശേഷം മതിയായ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സോണി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.