ഇരിട്ടി നഗരസഭാധ്യക്ഷ പരീക്ഷാച്ചൂടിലാണ്...
1574483
Thursday, July 10, 2025 2:09 AM IST
ബിജു പാരിക്കാപള്ളി
ഇരിട്ടി: ഇരിട്ടി നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഇന്നുമുതൽ പരീക്ഷ തിരക്കിലാണ്. പഠനകാലത്ത് പൂർത്തീകരിക്കാൻ കഴിയാതെപോയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്ന തിരക്കിൽ. സാക്ഷരതാ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് നടത്തുന്ന ഹയർ സെക്കൻഡറി രണ്ടാം വർഷ തുല്യതാ പരീക്ഷയുടെ എട്ടാമത്തെ ബാച്ചിൽ നഗരസഭാ അധ്യക്ഷയും ഇന്നുമുതൽ പരീക്ഷ എഴുതി തുടങ്ങും.
ഇരിട്ടി കീഴൂർ മഹാത്മ കോളജിൽ 1991-92 ബാച്ചിൽ പ്രീഡിഗ്രി ഒന്നാം വർഷം പഠിക്കുമ്പോൾ വിവാഹം കഴിഞ്ഞതോടെ പഠനം മുടങ്ങുകയായിരുന്നു. 35 വർഷത്തെ ഇടവേളക്ക് ശേഷമാണ് പഴയ ആഗ്രഹങ്ങൾ പൊടിതട്ടിയെടുത്ത് അധ്യക്ഷ എത്തുന്നത്. ആദ്യവർഷ പരീക്ഷയിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ഉണ്ടെങ്കിലും ടെൻഷനും ഇല്ലാതില്ല. ഒന്നാംവർഷ പരീക്ഷയിൽ ഡബിൾ പാസ് നേടിയതിനാൽ വിജയം ഉറപ്പാണ്.
വിവാഹം കഴിഞ്ഞും പഠിക്കണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും കുട്ടി ജനിച്ചതോടെ പഠനമെന്ന സ്വപ്നം മാറ്റിവെച്ച് കുടുംബമെന്ന സ്വപ്നത്തിനൊപ്പം സഞ്ചരിക്കുകയായിരുന്നു. ഇരിട്ടി നഗരസഭാ ചെയർപേഴ്സണായി ചുമതല ഏറ്റെടുത്ത ആദ്യദിവസം കാണാൻ വന്നവരുടെ കൂട്ടത്തിലുണ്ടായിരുന്ന സാക്ഷരത പ്രേരക് ഷൈമയാണ് തുടർപഠനത്തിന്റെ ആദ്യപ്രേരണ. ഭർത്താവും കുട്ടികളും കൂടെനിന്നതോടെ രണ്ടാം ഘട്ടം പിന്നിട്ടു.
നഗരസഭയിലെ തിരക്കുകൾ കാരണം അല്പം കാലതാമസം നേരിട്ടു. നഗരസഭയുടെ സാക്ഷരതാ സമിതി ചെയർപേഴ്സൺ എന്ന നിലയിൽ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞതോടെ പഠിക്കണമെന്ന താത്പര്യം ഉറപ്പിച്ചു. മറ്റു കൗൺസിലർമാരും ജീവനക്കാരും നല്ല പിന്തുണയാണ് നൽകുന്നത്. തിരക്കുകൾക്കിടയിലും ഒഴിവാക്കാൻ കഴിയാത്ത ക്ലാസുകളിൽ പഠിതാവായി എത്തും.
ഇരിട്ടി നഗരസഭാ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ. സോയയും നഗരസഭയിലെ എട്ട് ആശാവർക്കർമാരും ചെയർപേഴ്സണൊപ്പം പരീക്ഷ എഴുതുന്നുണ്ട്.
ഇന്ന് നടക്കുന്ന പരീക്ഷയിൽ ഇരിട്ടി നഗരസഭയുടെ പരിധിയിൽ 56 പേരാണ് രണ്ടാം വർഷ തുല്യതാ പരീക്ഷ എഴുതുന്നത്. പരീക്ഷ എഴുതുന്നതിൽ ഏറ്റവും മുതിർന്ന വ്യക്തി ആറളം പഞ്ചായത്തിലെ 54 നാലുകാരനായ കെ. വിശ്വംഭരനാണ്. 23 വയസുള്ളതാണ് പ്രായം കുറഞ്ഞ പഠിതാവ്. ചാവശേരി ഹയർ സെക്കൻഡറി സ്കൂളിൽ ജൂലൈ 28 വരെയാണ് പരീക്ഷ.