സയൻസ് ഓൺ വീൽസ് പ്രോഗ്രാം സമാപിച്ചു
1574489
Thursday, July 10, 2025 2:09 AM IST
ചെമ്പേരി: സ്കൂൾ വിദ്യാർഥികളിൽ ശാസ്ത്ര അഭിരുചി വളർത്തി സയൻസ് പഠനം എളുപ്പമാക്കുന്നതിനായി ചെമ്പേരി റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ വിവിധ സ്കൂളുകളിലായി നടത്തിവന്ന സയൻസ് ഓൺ വീൽസ് പ്രോഗ്രാം 'വിജ്ഞാൻ രഥ് ' സമാപിച്ചു. കഴിഞ്ഞ രണ്ടാഴ്ചകളിലായി മലയോരത്തെ 21 സ്കൂളുകളിലാണ് ശാസ്ത്ര പരീക്ഷണ ബോധവത്കരണ പരിപാടി നടത്തിയത്.
തമിഴ്നാട്ടിലെ വിരുതുനഗർ റോട്ടറി ക്ലബ് മെംബറായ ഇദയം ഓയിൽ കമ്പനി ഉടമ പി.ഡി.ജി. മുത്തു സ്പോൺസർ ചെയ്ത് വടിവേലു രാമയ്യ ചെയർമാനായി ഫുഡ് സയന്റിസ്റ്റ് ഡോ. പശുപതി ആരംഭിച്ചതാണ് സയൻസ് ഓൺ വീൽസ് പ്രോഗ്രാം. കഴിഞ്ഞ പതിനഞ്ച് വർഷങ്ങൾക്കിടയിൽ തമിഴ്നാട്ടിലും കർണാടകയിലുമായി ഇരുപത്തഞ്ച് ലക്ഷത്തോളം വിദ്യാർഥികൾക്ക് മുന്നിൽ അവതരിപ്പിച്ച പരിപാടി ചെമ്പേരി റോട്ടറി ക്ലബാണ് കേരളത്തിൽ ആദ്യമായി മലയോര ഗ്രാമമായ ചെമ്പേരിയിൽ എത്തിക്കുന്നത്. ചെമ്പേരി നിർമല ഹൈസ്കൂളിൽ നടന്ന സമാപന ചടങ്ങിൽ ചെമ്പേരി റോട്ടറി ക്ലബ് പ്രസിഡന്റ് മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു.
റോട്ടറി ക്ലബ് പ്രോഗ്രാം ഡയറക്ടർ സുനിൽ, സയൻസ് ഓൺ വീൽസ് കോ ഓർഡിനേറ്റർമാരായ അറിവരശൻ, നവീൻകുമാർ, സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.