കോരിക്കൊമ്പനെ കാട്ടിലേക്ക് തുരത്തി
1574482
Thursday, July 10, 2025 2:09 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലിറങ്ങിയ കോരിക്കൊമ്പൻ എന്ന കാട്ടാനയെ വനത്തിലേക്ക് തുരത്തി. കാട്ടാനകളെ തുരത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം നടത്തിയ ദൗത്യത്തിലാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്. കൊട്ടിയൂർ റേഞ്ചർ നിതിൻ രാജ്, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിൽ 25 അംഗ ദൗത്യസംഘം പങ്കെടുത്തു.
ഫാം ബ്ലോക്ക് ആറിൽ കൈതക്കൊല്ലി ഭാഗത്തെ ജനവാസ കേന്ദ്രത്തോട് ചേർന്നുള്ള വട്ടക്കാടിനുള്ളിൽ തമ്പടിച്ച കോരിക്കൊമ്പനെ തുരത്തിയത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ വട്ടക്കാട് വഴി താളിപ്പാറയിലേക്കും തുടർന്ന് കോട്ടപ്പാറ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സോളാർ തൂക്കുവേലി കടത്തി ഉരുപ്പുകുന്ന് വനഭാഗത്തേക്ക് കടത്തിവിട്ടത്. ദൗത്യത്തിൽ ആർആർടി ഇരിട്ടി, കീഴ്പള്ളി, മണത്തണ, തോലമ്പ്ര, ആറളം വൈൽഡ് ലൈഫ്, നരിക്കടവ്, ആറളം സെക്ഷൻ എന്നിവിടങ്ങളിലെ ജീവനക്കാരും പങ്കെടുത്തു.