പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു നശിപ്പിച്ചു
1574492
Thursday, July 10, 2025 2:09 AM IST
ഇരിട്ടി: ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ പഴവർഗങ്ങളും ഇളനീരും പിടിച്ചെടുത്തു. സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള ഇരിട്ടി കീഴൂരിലെ ത്രീസ്റ്റാർ ഫ്രൂട്ട്സ് സ്റ്റേഷനറി ആൻഡ് കൂൾബാറിൽ കഴിഞ്ഞദിവസം ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ പഴവർഗങ്ങളും ഫ്രീസറിൽ സൂക്ഷിച്ച വലിയ ബക്കറ്റ് നിറയെ ജ്യൂസ് അടിക്കാൻ സൂക്ഷിച്ച ഇളനീരും പിടിച്ചെടുത്ത് നശിപ്പിച്ചത്.
കരിക്ക് വെട്ടിയ ശേഷം ഉള്ളിലെ കാമ്പ് മാത്രം ബക്കറ്റിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. ഇതോടൊപ്പം പഴകിയ അനാറും മുന്തിരിയും നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു. ഇവിടെ നിന്ന് നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും പിടിച്ചെടുത്തു. മഞ്ഞപ്പിത്തം ഉൾപ്പെടെ പകർച്ച വ്യാധികൾ പടർന്നു പിടിക്കുന്ന സാഹടര്യത്തിലാണ് പരിശോധന നടത്തിയത്.
ഉപഭോക്താവിന് ചോദിച്ച്
ഉറപ്പുവരുത്താം:
ക്ലീൻ സിറ്റി മാനേജർ
ഭക്ഷണം കഴിക്കാൻ കയറുന്ന സ്ഥാപനങ്ങളിൽ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് ഉപഭോക്താവിന് അന്വേഷിച്ച് ഉറപ്പുവരുത്താനുള്ള അവകാശം ഉണ്ടെന്ന് ഇരിട്ടി ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ പറഞ്ഞു. ഹോട്ടലുകളിലും കൂൾബാറുകളിലും വെള്ളം പരിശോധിച്ച റിപ്പോർട്ടും ഹെൽത്ത് കാർഡ് ഉൾപ്പെടെ നിർബന്ധമാണ്. എന്നാൽ, ഇത് എത്രയധികം പ്രയോഗികമാണെന്ന് ജനങ്ങൾ അന്വേഷിക്കാൻ തയാറാകുമോ എന്നതും പ്രശ്നമാണ്.
കട ഉടമകൾ വിവരങ്ങൾ കൈമാറാൻ തയാറായില്ലെങ്കിൽ വാക്കുതർക്കത്തിന് ഉൾപ്പെടെ കാരണമായേക്കാം. ഇത്തരം സിർട്ടിഫിക്കറ്റുകൾ കടയുടമകൾ ഉപഭോക്താക്കൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കുക മാത്രമാണ് ഇതിനൊരു പോംവഴി. മഴക്കാലമായതോടെ പകർച്ചവ്യാധി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ ജനങ്ങൾ പരമാവധി ശ്രദ്ധിക്കണം. പഴകിയ വസ്തുക്കൾ സൂക്ഷിച്ച കടയുടമയിൽ നിന്ന് 3000 രൂപ പിഴ ഈടാക്കി. വരുംദിവസങ്ങളിൽ ഹോട്ടലുകളിലും കുൾബാറുകളിലും ഉൾപ്പെടെ പരിശോധന ശക്തമാക്കുമെന്ന് ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.