മസ്ജിദുകൾ കേന്ദ്രീകരിച്ച് കവര്‍ച്ച: പ്രതി ആന്ധ്രയില്‍ അറസ്റ്റില്‍
1574481
Thursday, July 10, 2025 2:09 AM IST
കാസര്‍ഗോഡ്: മസ്ജിദുകൾ മാത്രം കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ആന്ധ്രയില്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് വെസ്റ്റ് ഗോദാവരി അക്കിവിട് സ്വദേശി മുഹമ്മദ് സല്മാന് അഹമ്മദ് (34) ആണ് അറസ്റ്റിലായത്. ജൂണ്‍ 24ന് കാസര്‍ഗോഡ് ചൂരിയിലെ സലഫി മസ്ജിദില്‍ നിന്ന് 3.10 ലക്ഷം രൂപയും രണ്ടു പവന് സ്വര്‍ണവും ഇയാള്‍ കവര്‍ന്നിരുന്നു.
കണ്ണൂര്‍ പാനൂര്‍, മലപ്പുറം, പാലക്കാട്, കസബ, ഏലത്തൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലെ മസ്ജിദിൽ മോഷണം നടത്തിയ കേസുകളില്‍ പ്രതിയാണ് ഇയാള്‍. പല സംഭവത്തിലും പരാതിയില്ല. കളവു ചെയ്ത പണം കോഴിക്കോട് ബാറില്‍ കൂട്ടുകാരുടെ കൂടെ അടിച്ചു പൊളിച്ചു തീര്‍ക്കുകയാണ് ശീലം. സിസിടിവി കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
കോഴിക്കോട് ആണ് ഇയാള്‍ സാധാരണ ഉണ്ടാകാറുള്ള സ്ഥലം എന്ന് മനസിലാക്കി കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലും പിടികൂടാനായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ സ്വദേശമായ ആന്ധ്രായിലേക്ക് പോയിട്ടുണ്ടാകും എന്ന നിഗമനത്തില്‍ അന്വേഷണ സംഘം പ്രതിയുടെ താമസസ്ഥലത്തെത്തി ആന്ധ്രാ പോലീസിന്റെ സഹായത്തോടെ പിടികൂടുകയായിരുന്നു. കാസര്‍ഗോഡ് ടൗണ്‍ എസ്ഐ ജോജോ ജോര്‍ജ് എസ്സിപിമാരായ പി.സതീശന്, കെ.വി.രതീഷ്കുമാര്‍, ജയിംസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.