ഡ്രാഗണ്‍ ഫ്രൂട്ട് കൃഷിയിൽ നൂറുമേനി; വിപണിക്ക് കർഷകന്റെ നെട്ടോട്ടം
1574480
Thursday, July 10, 2025 2:09 AM IST
പെരുമ്പടവ്: പാറപ്പുറത്ത് ഡ്രാഗണ്‍ ഫ്രൂട്ട് കൃഷി നടത്തി ചപ്പാരപ്പടവ് തേറണ്ടിയിലെ കര്‍ഷകനായ പാലക്കീൽ രാജൻ നൂറുമേനി വിജയം കണ്ടെങ്കിലും വിപണി കണ്ടെത്താൻ സാധിക്കാതെ നെട്ടോട്ടത്തിലാണ്. ഒരേക്കറോളം സ്ഥലത്തെ റബർ മരങ്ങൾ മുറിച്ചുമാറ്റിയാണ് രാജന്റെ ഡ്രാഗൺ ഫ്രൂട്ട് കൃഷി. കോവിഡ് കാലത്താണ് രാജന് ഡ്രാഗൺ ഫ്രൂട്ട് കൃഷിയിറക്കണമെന്ന മോഹമുദിച്ചത്. റബര്‍ വിലയിടിവും തൊഴിലാളികളെ കിട്ടാത്തതുമാണ് രാജനെ മാറി ചിന്തിപ്പിച്ചത്.
പത്തനംതിട്ട, കാസർഗോഡ് എന്നിവിടങ്ങളിൽ നിന്ന് തൈകൾ എത്തിച്ചു. പരീക്ഷണാടിസ്ഥാനത്തിൽ ഒരേക്കറോളം സ്ഥലത്ത് കൃഷിയിറക്കി.
കോൺക്രീറ്റ് വേലിക്കല്ലുകൾ നാട്ടി തൈകൾ നട്ടു. ചെടിക്ക് പടരാന്‍ പഴയ ടയറുകളും സ്ഥാപിച്ചു. യൂട്യൂബിൽ നോക്കിയാണ് പ്രധാനമായും കൃഷി രീതികൾ പഠിച്ചത്. മൂന്നുവർഷംകൊണ്ട് രാജന്റെ ഡ്രാഗൺ ഫ്രൂട്ടുകൾ വിളവെടുപ്പിന് തയാറാവുകയും കഴിഞ്ഞവർഷം 200 രൂപയോളം വില ലഭിച്ചു. വില്പനയ്ക്ക് തടസങ്ങളുമുണ്ടായില്ല. മലേഷ്യൻ റെഡ്, വൈറ്റ് ഡ്രാഗൺ, ഇസ്രായേൽ യെല്ലോ, റോയൽ റെഡ്, മെക്സിക്കൻ റെഡ് തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്.
എന്നാൽ, ഈ വർഷം സ്ഥിതി ഏറെ വ്യത്യസ്തമാണ്. പ്രതീക്ഷിച്ച പോലെ തന്നെ നല്ല വിളവ് ലഭിക്കുന്നുണ്ട്. പക്ഷേ വിപണനം പ്രയാസമാണ്. വീട്ടിൽ വരുന്നവർക്ക് 180 രൂപ തോതിൽ വിൽക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങളിൽ എത്തിച്ചു നൽകുമ്പോൾ 120 മുതൽ 150 രൂപ വരെയാണ് ലഭിക്കുന്നത്. വലിയ ഷോപ്പുകളിൽ എത്തിച്ചാല്‍ ഇതിലും വളരെ കുറഞ്ഞ തുകയാണ് ലഭിക്കുന്നത്.
ആശങ്ക നിലനിൽക്കുന്നതിനാൽ ചെറിയ തുകയ്ക്കും വില്പന നടത്തുകയാണ്. കൂടാതെ നാടുകാണി, പയ്യന്നൂർ, പഴയങ്ങാടി, മാട്ടൂൽ എന്നിവിടങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുപോയി വഴിയോര കച്ചവടവും നടത്തുന്നു. ഇത്തരത്തിൽ ദിവസം ഒരു ക്വിന്റലോളം പഴങ്ങൾ വിറ്റു പോകുന്നുണ്ട്. ഏപ്രിൽ മാസത്തിൽ പുഷ്പിക്കുന്ന ഡ്രാഗൺ ഫ്രൂട്ടിൽ മേയ് മുതൽ നവംബർ വരെയാണ് വിളവ് ലഭിക്കുന്നത്. ഈ വർഷം ഇനിയും 30 ക്വിന്റലോളം വിളവ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, വിപണി ലഭിക്കാത്തതിനാൽ രാജനും കുടുംബവും നിരാശയിലാണ്.