പണിമുടക്കിൽ സ്തംഭിച്ച് ജില്ല
1574490
Thursday, July 10, 2025 2:09 AM IST
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണം. വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസിൽ ഹാജർ നില കുറവായിരുന്നു. സർക്കാർ ഓഫീസിൽ സമരക്കാർ എത്തി ജീവനക്കാരെ ഇറക്കിവിട്ട സംഭവങ്ങളും ഉണ്ടായിരുന്നു.
കെഎസ്ആർടിസി ബസുകളൊന്നും സർവീസ് നടത്തിയില്ല. ഇന്നലെ രാവിലെ കണ്ണൂർ ഡിപ്പോയിൽ സർവീസ് നടത്താൻ ചിലർ തയാറായെങ്കിലും സിഐടിയു പ്രവർത്തകർ ഇവരെ തടയുകയായിരുന്നു. പണിമുടക്കിയ തൊഴിലാളികൾ കണ്ണൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, തളിപ്പറന്പ്, മട്ടന്നൂർ നഗരങ്ങളിൽ പ്രകടനം നടത്തി. തോട്ടട ഗവ. ഐടിഐയിൽ എത്തിയ സമരാനുകൂലികൾ ജോലിക്കെത്തിയ അധ്യാപകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പോലീസെത്തിയാണ് സമരാനുകൂലികളെ പിന്തിരിപ്പിച്ചത്.
ഇരിട്ടിയിൽ സ്ഥാപനങ്ങൾ അടപ്പിച്ചു; വീരാജ്പേട്ടയിൽ
ജനജീവിതം സാധാരണ
ഗതിയിൽ
ഇരിട്ടി: ഇരിട്ടി ടൗണിൽ ദേശീയ പണിമുടക്ക് ദിനത്തിൽ തുറന്ന സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു. സമരാനുകൂലികൾ പ്രകടനമായെത്തി പോസ്റ്റ് ഓഫീസ് അടക്കമുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ അടപ്പിക്കുകയായിരുന്നു. അതേസമയം, തൊട്ടടുത്ത പ്രദേശവും അയൽ സംസ്ഥാനവുമായ കർണാടകയിലെ വീരാജ്പേട്ടയിൽ പണിമുടക്ക് ബാധിച്ചില്ല. ഇവിടെ ജനജീവിതം സാധാരണ പോലെയായിരുന്നു.
ഫെഡറൽ ബാങ്കിലേക്ക് പ്രകടനമായെത്തിയ സമരക്കാരെ കണ്ട് ബാങ്ക് ജീവനക്കാർ ഷട്ടർ അകത്ത് നിന്ന് പൂട്ടാൻ ശ്രമിച്ചെങ്കിലും സമരാനുകൂലികൾ ബാങ്കിനകത്തേക്ക് ഇരച്ചു കയറി ബാങ്കിന്റെ പ്രവർത്തനം നിർത്തിവയ്പ്പിക്കുകയായിരുന്നു. സബ് രജിസ്ട്രാർ ഓഫീസിലെ ചില ജീവനക്കാർ പണിമുടക്കനുകൂലികളുടെ ആവശ്യം നിരാകരിച്ചത് വാക്കേറ്റത്തിനിടയാക്കിയെങ്കിലും പിന്നീട് ഓഫീസ് അടക്കുകയായിരുന്നു. കീഴൂരിലെ മുത്തൂറ്റ് മൈക്രോ ഫിൻകോർപ്പുംഅടപ്പിച്ചു. ഇരിട്ടി ടൗണിൽ ആശുപത്രികളും മെഡിക്കൽ ഷോപ്പുകളും മാത്രമാണ് തുറന്നു പ്രവർത്തിച്ചത്.
ഇരിട്ടി ഹൈസ്കൂൾ വിഭാഗം അധ്യാപകരും അനധ്യാപകരും എത്തിയതിനെ തുടർന്ന് തുറന്ന് പ്രവർത്തിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ജീവനക്കാർ ആരും എത്തിയിരുന്നില്ല. ഹൈസ്കൂൾ വിഭാഗത്തിൽ 42 പേരിൽ 29 ജീവനക്കാർ ജോലിക്ക് ഹാജരായി. ഹയർ സെക്കൻഡറി വിഭാഗത്തിൽ ആറുപേരാണ് പണിമുടക്കിയത്. വൈകുന്നേരം നാലിന് ശേഷമാണ് ഹൈസ്കൂൾ ഓഫീസ് അടച്ച് എല്ലാവരും പോയത്. ഇരിട്ടി താലൂക്ക് ഓഫീസിൽ മൂന്ന് ജീവനക്കാർ മാത്രമാണ് എത്തിയത്.
സമരക്കലി ഭക്ഷണത്തോടും
ഗവ. ബ്രണ്ണൻ സ്കൂളിൽ സമരാനുകൂലികൾ ഭക്ഷണം വലിച്ചെറിഞ്ഞു. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം. ബ്രണ്ണൻ സ്കൂളിൽ കോൺഗ്രസ് അധ്യാപക സംഘടനയിൽപ്പെട്ടവരും ഇടത് അനുകൂലസംഘടനയിൽപ്പെട്ടവരുമായ എട്ട് അധ്യാപകർ ജോലിക്ക് ഹാജരായിരുന്നു. ഇതിനിടയിൽ, സമരാനുകൂലികൾ സ്കൂളിൽ എത്തുകയും പുറത്തുപോകുവാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇതോടെ, അധ്യാപകർ ജോലി മതിയാക്കി പിരിഞ്ഞു പോകുവാൻ തയാറെടുക്കുകയായിരുന്നു. ഇതിനിടയിൽ, സ്കൂളിലെ പ്യൂണിന് ഒരു അധ്യാപിക താൻ കൊണ്ടുവന്ന ഉച്ചഭക്ഷണം നല്കുകയായിരുന്നു. എന്നാൽ, ഉച്ചഭക്ഷണം തട്ടിപ്പറിച്ച് സമരാനുകൂലി വലിച്ചെറിയുകയായിരുന്നു.
പഴയങ്ങാടിയിൽ സമരക്കാർ വാഹനം തടഞ്ഞു;
സമരാനുകൂലികളും
പോലീസും വാക്കേറ്റവും
പഴയങ്ങാടി: പഴയങ്ങാടിയിൽ സംയുക്ത തൊഴിലാളി യൂണിയന്റെ ന നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് സമരാനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് വിവരം അറിയാതെ ഇതരസംസ്ഥാന ഡ്രൈവർമാർ ഓടിച്ച നാഷണൽ പെർമിറ്റ് ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമായിരുന്നു തടഞ്ഞത്.
ഇതേതുടർന്ന് യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് പഴയങ്ങാടി എസ്ഐ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തടയരുതെന്ന് നിർദേശിച്ചെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. ഇതോടെ സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഉന്തും തള്ളിലും കലാശിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സമരക്കാരുമായി ചർച്ച നടത്തുകയും ഒരു മണിക്കൂറിന് ശേഷം തടഞ്ഞു വച്ച സ്വകാര്യ വാഹനങ്ങളെ പോകാൻ സമരക്കാർ അനുവദിക്കുകയുമായിരുന്നു.
ബൈപാസിൽ വാഹനങ്ങൾ തടഞ്ഞു
മാഹി: മുഴപ്പിലങ്ങാട്-മാഹി ബൈപാസിൽ ചരക്ക് ലോറികൾ സമരക്കാർ തടഞ്ഞു. പെരിങ്ങാടി സിഗ്നൽ പരിസരത്താണ് വാഹനങ്ങളെ പണിമുടക്കനുകൂലികൾ തടഞ്ഞത്. ഒരു മണിക്കൂറിനകം ബൈപാസിന്റെ ഇരുവശങ്ങളിലും ചരക്ക് ലോറികളുടെ നീണ്ട നിര രൂപപ്പെട്ടു. പണിമുടക്കിനെ കുറിച്ചറിയാതെ വാഹനം ഓടിച്ചു വന്ന അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ലോറികളായിരുന്നു തടഞ്ഞിട്ടത്. വാഹനം തടഞ്ഞത് ലോറി ജീവനക്കാർ ചോദ്യം ചെയ്തതിനെ തുടർന്ന് വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞ് പള്ളൂർ എസ്ഐ വി.പി. സുരേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വാഹനം തടഞ്ഞവരുമായി ചർച്ച നടത്തി പ്രശ്നം രമ്യമായി പരിഹരിക്കുകയായിരുന്നു. തുടർന്ന ചരക്ക് ലോറികളെ പോകാൻ അനുവദിച്ചു.
മാഹിയിൽ സ്കൂൾ വിട്ടില്ല;
അധ്യാപകരെ സമരക്കാർ
തടഞ്ഞുവച്ചു
സ്കൂൾ വിടണമെന്ന സമരാനുകൂലികളുടെ ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് സ്കൂളിൽ സംഘർഷം. പന്തക്കൽ ഐ.കെ. കുമാരൻ ഹയർസെക്കൻഡറി സ്കൂളിലായിരുന്നു സിപിഎം പ്രവർത്തകരും വൈസ് പ്രിൻസിപ്പലും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായത്. രാവിലെ ക്ലാസ് ആരംഭിച്ചതിന് ശേഷം സിപിഎം പ്രവർത്തകർ സ്കൂളിലെത്തി വൈസ് പ്രിൻസിപ്പൽ ഷീബയുമായി സംസാരിച്ച് ക്ലാസ് വിടണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, മാഹി റീജണൽ അഡ്മിനിസ്ട്രേറ്ററുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ സ്കൂൾ വിടാൻ പറ്റൂ എന്ന് വൈസ് പ്രിൻസിപ്പൽ അറിയിച്ചു.
ഇതംഗീകരിക്കാൻ സമരക്കാർ തയാറായില്ല. ഇതോടെ സ്കൂൾ പരിസരത്ത് കൂടുതൽ സമരാനുകൂലികൾ സംഘടിപ്പച്ചെത്തി. മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്റെ പന്തക്കൽ എസ്ഐ പി. ഹരിദാസൻ, പള്ളൂർ എസ്ഐ വി.പി. സുരേഷ് ബാബു എന്നിവരടക്കമുള്ള പോലീസും സ്ഥലത്തെത്തി. സ്കൂൾ സാധാരണ പോലെ വൈകുന്നേരം നാലുവരെ പ്രവർത്തിച്ച ശേഷമാണ് വിട്ടത്. സ്കൂൾ വിട്ടതിനു ശേഷം സ്വന്തം വാഹനങ്ങളിലെത്തിയ അധ്യാപകരും ജീവനക്കാരും തിരിച്ചുപോകുന്നത് സമരക്കാർ തടഞ്ഞു.
ഇവരെ പോലീസ് വാഹനത്തിൽ സ്കൂളിൽ നിന്നും മാറ്റാൻ ശ്രമിച്ചെങ്കിലും സമരക്കാർ പോലീസ് വാഹനം തടഞ്ഞ് മുദ്രാവാക്യം മുഴക്കി. ഇതോടെ സമരക്കാരെ പോലീസ് ബലം പ്രയോഗിച്ച് മാറ്റാൻ ശ്രമിച്ചത് ഉന്തിലും തള്ളിലും കലാശിച്ചു. സമരക്കാരെ ബലമായി മാറ്റിയാണ് അധ്യാപകരെയും ജീവനക്കാരെയും പോലീസ് സ്കൂളിൽ നിന്നും പുറത്തെത്തിച്ചത്. ഇതോടെ സമരക്കാരും പിരിഞ്ഞു പോകുകയായിരുന്നു.