പണിമുടക്കിൽ സ്തംഭിച്ച് ജില്ല
1574487
Thursday, July 10, 2025 2:09 AM IST
കണ്ണൂർ: കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത അഖിലേന്ത്യാ പണിമുടക്ക് കണ്ണൂർ ജില്ലയിൽ പൂർണം. വിദ്യാഭ്യാസസ്ഥാപനങ്ങളൊന്നും പ്രവർത്തിച്ചില്ല. സർക്കാർ ഓഫീസിൽ ഹാജർ നില കുറവായിരുന്നു. സർക്കാർ ഓഫീസിൽ സമരക്കാർ എത്തി ജീവനക്കാരെ ഇറക്കിവിട്ട സംഭവങ്ങളും ഉണ്ടായിരുന്നു.
കെഎസ്ആർടിസി ബസുകളൊന്നും സർവീസ് നടത്തിയില്ല. ഇന്നലെ രാവിലെ കണ്ണൂർ ഡിപ്പോയിൽ സർവീസ് നടത്താൻ ചിലർ തയാറായെങ്കിലും സിഐടിയു പ്രവർത്തകർ ഇവരെ തടയുകയായിരുന്നു. തട്ടുകടകൾ പോലും പ്രവർത്തിച്ചിരുന്നില്ല. പഴയങ്ങാടിയിൽ ദേശീയപാതയിൽ ചരക്കുവാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞത് പോലീസും പ്രതിഷേധക്കാരും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. പണിമുടക്കിയ തൊഴിലാളികൾ കണ്ണൂർ, പയ്യന്നൂർ, തലശേരി, ഇരിട്ടി, തളിപ്പറന്പ്, മട്ടന്നൂർ നഗരങ്ങളിൽ പ്രകടനം നടത്തി. തോട്ടട ഗവ. ഐടിഐയിൽ എത്തിയ സമരാനുകൂലികൾ ജോലിക്കെത്തിയ അധ്യാപകരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി. പോലീസെത്തിയാണ് സമരാനുകൂലികളെ പിന്തിരിപ്പിച്ചത്.
പഴയങ്ങാടിയിൽ സമരക്കാർ വാഹനം തടഞ്ഞു;
സമരാനുകൂലികളും
പോലീസും വാക്കേറ്റവും
പഴയങ്ങാടി: പഴയങ്ങാടിയിൽ സംയുക്ത തൊഴിലാളി യൂണിയന്റെ ന നേതൃത്വത്തിൽ വാഹനങ്ങൾ തടഞ്ഞതിനെ തുടർന്ന് സമരാനുകൂലികളും പോലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും. പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് സിഐടിയുവിന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് വിവരം അറിയാതെ ഇതരസംസ്ഥാന ഡ്രൈവർമാർ ഓടിച്ച നാഷണൽ പെർമിറ്റ് ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളും സ്വകാര്യ വാഹനങ്ങളുമായിരുന്നു തടഞ്ഞത്. ഇതേതുടർന്ന് യാത്രക്കാരും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
വിവരമറിഞ്ഞ് പഴയങ്ങാടി എസ്ഐ കെ. സുഹൈലിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി വാഹനങ്ങളെ തടയരുതെന്ന് നിർദേശിച്ചെങ്കിലും സമരക്കാർ അംഗീകരിച്ചില്ല. ഇതോടെ സമരക്കാരും പോലീസും തമ്മിൽ വാക്കേറ്റമുണ്ടാകുകയും ഉന്തും തള്ളിലും കലാശിക്കുകയുമായിരുന്നു. തുടർന്ന് പോലീസ് സമരക്കാരുമായി ചർച്ച നടത്തുകയും ഒരു മണിക്കൂറിന് ശേഷം തടഞ്ഞു വച്ച സ്വകാര്യ വാഹനങ്ങളെ പോകാൻ സമരക്കാർ അനുവദിക്കുകയുമായിരുന്നു.
ശ്രീകണ്ഠപുരം: പണിമുടക്കിയ തൊഴിലാളി സംഘടനകൾ സംയുക്തസമരസമിതിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം കേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും പ്രകടനം നടത്തി ശ്രീകണ്ഠപുരത്ത് നടന്ന പ്രകടനത്തിന് നേതാക്കളായ എം.സി. ഹരിദാസൻ, സി. രവീന്ദ്രൻ, പി. മാധവൻ, സി. സന്തോഷ്, രാമചന്ദ്രൻ, പി. ഗോവിന്ദൻ, ടി. ഗീത എന്നിവരും മലപ്പട്ടത്ത് ഇ.വി. ഉണ്ണികൃഷ്ണൻ, എ. പുരുഷോത്തമൻ എന്നിവരും യുഡിടിഎഫിന്റെ ആഭിമുഖ്യത്തിൽ ശ്രീകണ്ഠപുരത്ത് നടത്തിയ പ്രകടനത്തിന് പി.ടി. കുര്യാക്കോസ്, എൻ.പി. ബക്കർ ഹാജി, കെ. ഇബ്രാഹിം എന്നിവരും നേതൃത്വം നൽകി. ശ്രീകണ്ഠപുരത്തെ ഒഴിഞ്ഞ റോഡുകളിൽ കുട്ടികൾ സ്കേറ്റിംഗും സൈക്കിളിംഗും നടത്തി.