ശസ്ത്രക്രിയയില്‍ വീഴ്ച; വീട്ടമ്മയ്ക്ക് നഷ്ടപരിഹാരം നല്കാന് വിധി
1575544
Monday, July 14, 2025 1:57 AM IST
കാസര്‍ഗോഡ്: ശസ്ത്രക്രിയയിലുണ്ടായ വീഴ്ചയ്ക്ക് ഒരുലക്ഷം രൂപ ആറുശതമാനം പലിശ സഹിതം നഷ്ടപരിഹാരം നല്കാന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം ഉത്തരവിട്ടു. പടന്നക്കാട് തീര്‍ഥങ്കരയിലെ കെ. കൃഷ്ണന്റെ ഭാര്യ എന്‍. തങ്കമണിയുടെ (44) പരാതിയില്‍ കാഞ്ഞങ്ങാട് കുശവന്‍കുന്ന് ലാപ്രോസ്കോപ്പിക് സര്‍ജറി സെന്റര്‍ ഡോ. ശശിരേഖ, ഡോ.കെ. ശശിധര റാവു എന്നിവരെ എതിര്‍കക്ഷികളാക്കി നല്കിയ ഹര്‍ജിയിലാണ് വിധി.
അമിത രക്തസ്രാവം കാരണം 2013 സെപ്റ്റംബര്‍ 22ന് ഡോ. ശശിരേഖയും ഭര്‍ത്താവ് ഡോ. ശശിധര റാവുവും ചേര്‍ന്ന് തങ്കമണിയുടെ ഗര്‍ഭപാത്രം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.ശസ്ത്രക്രിയ കഴിഞ്ഞിട്ടും രക്തസ്രാവം ഉണ്ടായതിനാല്‍ 2013 ഒക്ടോബര്‍ 10ന് വീണ്ടും ശശിരേഖയുടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. പിന്നീട് ഫാ. മുള്ളര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു. ഓപ്പറേഷന് സമയത്ത് ഉണ്ടായ ഇന്ഫക്ഷന് കാരണം ബ്ലാഡറിനുണ്ടായ പരിക്കാണ് രക്തസ്രാവം വീണ്ടും ഉണ്ടാകാന്‍ കാരണമായതെന്നായിരുന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചത്.
മറ്റു ചികിത്സാരീതി കൊണ്ട് രോഗം മാറ്റാമെന്നു രോഗിയോടു പറയാതെയാണ് ഡോക്ടര്‍മാര്‍ ഗര്‍ഭപാത്രം നീക്കിയതെന്നും ബ്ലാഡറിന് ഏറ്റ പരുക്കു കാരണം ഫിസ്റ്റുല ബാധിച്ചു വലിയ സാമ്പത്തിക ബാധ്യതയും മാനസിക ബുദ്ധിമുട്ടും ഉണ്ടായതായും കോടതി കണ്ടെത്തി. ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാരകോടതി പ്രസിഡന്റ് കെ. കൃഷ്ണന്, അംഗം കെ.ജി. ബീന എന്നിവരാണ് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടത്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ. യു.എസ്. ബാലന് ഹാജരായി.