അമിത് ഷാ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി
1575457
Sunday, July 13, 2025 8:55 AM IST
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വഴിപാടുകൾ സമർപ്പിച്ചു. ക്ഷേത്രത്തിലെത്തിയ മന്ത്രി ജന്മനക്ഷത്രമായ ഭരണി നക്ഷത്രത്തിൽ പൊന്നിൻകുടം സമർപ്പിച്ച് രാജരാജേശ്വരനെ വണങ്ങി. തുടർന്ന് നെയ്യമൃത്, പട്ടം, താലി, തുടങ്ങിയ വഴിപാടുകളും നടത്തി. അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച അമിത് ഷാ സമീപത്തെ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിലും ദർശനം നടത്തി.
മട്ടന്നൂർ വിമാനത്താവളത്തിൽ നിന്ന് കനത്ത സുരക്ഷയിൽ ഇന്നലെ വൈകുന്നേരേ അഞ്ചരയോടെയാണ് മന്ത്രി കാർ മാർഗം തളിപ്പറന്പിലെത്തിയത്. പൂക്കോത്ത്നട മുതൽ ചിറവക്ക് വരെ റോഡിന് ഇരുവശവും അമിത്ഷായെ സ്വീകരിക്കാൻ ബിജെപി പ്രവർത്തകർ തിങ്ങി നിറഞ്ഞിരുന്നു. ടാക്സി സ്റ്റാൻഡിന് സമീപം വച്ച് പ്രവർത്തകർ പുഷ്പവൃഷ്ടിയോടെ ജയ് വിളിച്ച് അമിത്ഷായെ സ്വീകരിച്ചു.
വൈകുന്നേരം 5.45 ഓടെ ക്ഷേത്രത്തിലെത്തിയ ഷായെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, ടിടികെ ദേവസ്വം പ്രസിഡന്റ് ടി.പി. വിനോദ്കുമാർ, ക്ഷേത്രാധികൃതർ, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.പി. ഗംഗാധരൻ, അജികുമാർ കരിയിൽ എന്നിവർ സ്വീകരിച്ചു. അനുമതി പാസുള്ള നേതാക്കൾ മന്ത്രിയെ ക്ഷേത്രത്തിന്റെ കൊട്ടുംപുറം വരെ അനുഗമിച്ചു. ക്ഷേത്രത്തിലേക്ക് ചുരുക്കം നേതാക്കളെ മാത്രമെ മന്ത്രിക്കൊപ്പം കടത്തിവിട്ടുള്ളൂ. ക്ഷേത്രവും പരിസരവും പൂർണമായും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലായിരുന്നു.
അമിത്ഷായുടെ വാഹനവ്യൂഹം കടന്നുപോകുന്ന പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വാഹനത്തിൽ ഇരുന്നുകൊണ്ടുതന്നെയാണ് വഴിയോരങ്ങളിൽ കാത്തുനിന്ന പ്രവർത്തകരെ അമിത ഷാ അഭിവാദ്യം ചെയ്തത്. സുരക്ഷയുടെ ഭാഗമായി ദേശീയപാതയിലെ ഗതാഗതം പൂർണമായും തടഞ്ഞിരുന്നു. മട്ടന്നൂരിൽ നിന്ന് തളിപ്പറന്പിലേക്ക് വാഹനവ്യൂഹം കടന്നുവന്ന ചാലോട്, മയ്യിൽ, ഒറപ്പടി, നണിച്ചേരി കടവ് എന്നിവിടങ്ങളിൽ കേന്ദ്രസേന ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.