അമിത്ഷായുടെ സന്ദർശനം ഇന്ന്: തളിപ്പറന്പിൽ കനത്ത സുരക്ഷ
1574998
Saturday, July 12, 2025 2:31 AM IST
തളിപ്പറമ്പ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജരാജേശ്വര ക്ഷേത്രദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ തളിപ്പറന്പിൽ കനത്ത സുരക്ഷാ ക്രമീകരങ്ങൾ ഏർപ്പെടുത്തി. ദേശീയ സുരക്ഷാ ഗാർഡിന്റെ നിർദേശങ്ങൾക്കനുസൃതമായ സുരക്ഷയാണ് ഒരുക്കിയത്. അമിത് ഷാ ക്ഷേത്രദർശനം നടത്തി തിരിച്ചുപോകുന്നതുവരെ ക്ഷേത്രത്തിൽ മറ്റാർക്കും പ്രവേശനമുണ്ടാകില്ല. മന്ത്രിക്കൊപ്പം ചുരുക്കം പാർട്ടി പ്രവർത്തകരെ മാത്രമേ സഞ്ചരിക്കാൻ അനുവദിക്കുകയുള്ളൂ. ക്ഷേത്രത്തിനകത്തേക്ക് മന്ത്രിക്കൊപ്പം അഞ്ചുപേരെ മാത്രമേ കടത്തി വിടുകയുള്ളൂ. ക്ഷേത്രത്തിലേക്കുള്ള റോഡ് ഇടുങ്ങിയത് ആയതിനാൽ ഇവിടെയും ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയുടെ ഭാഗമായി ക്ഷേത്ര കവാടത്തിന് സമീപത്തെ മരങ്ങൾ മുറിച്ചുനീക്കി.
മന്ത്രിയുടെ യാത്രാ വഴികളിലൂടെ ഇന്നലെ ട്രയൽ റൺ നടത്തി. മന്ത്രി വിശ്രമിക്കുന്ന ക്ഷേത്രം പ്രസിഡന്റിന്റെ മുറിയും പരിസരവും ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പരിശോധിച്ചു. പോലീസ് കാവലും ഏർപ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എഡിജിപി, ഐജി റാങ്കിലുള്ള പോലീസുദ്യോഗസ്ഥർ തളിപ്പറന്പിലെത്തി. തളിപ്പറമ്പിലെത്തുന്ന മന്ത്രിയെ ബിജെപി കണ്ണൂർ നോർത്ത് കമ്മിറ്റി പുഷ്പവൃഷ്ടി നടത്തിയാകും സ്വീകരിക്കുക. ടാക്സി സ്റ്റാൻഡ് പരിസരത്ത് ബാരിക്കേഡ് സംവിധാനം സ്ഥാപിച്ചു.
ക്ഷേത്രത്തിലെത്തുന്ന അമിത് ഷാ പ്രധാന വഴിപാടായ പൊന്നിൻകുടം സമർപ്പിച്ച് തൊഴും. നെയ്യമൃത് വഴിപാടുകളും നടത്തുമെന്നാണ് വിവരം. ഇത് മൂന്നാം തവണയാണ് അമിത്ഷാ തളിപ്പറന്പ് രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്നത്.