ഖദീജ വധം: സഹോദരങ്ങൾക്ക് ജീവപര്യന്തവും പിഴയും
1574685
Friday, July 11, 2025 1:10 AM IST
തലശേരി: രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്താല്‍ സഹോദരിയെ വെട്ടിക്കൊന്ന കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 60,000 രൂപ പിഴയും. തില്ലങ്കേരി പടിക്കച്ചാലിലെ പുതിയപുരയിൽ കെ.എന്‍. ഇസ്മയിൽ (40), കെ.എന്‍. ഫിറോസ് (36) എന്നിവരെയാണ് തലശേരി അഡീഷണല്‍ ജില്ലാസെഷന്‍സ് കോടതി ജഡ്ജി (ഒന്ന്) ഫിലി തോമസ് ശിക്ഷിച്ചത്. സഹോദരിയായ പടിക്കച്ചാലിലെ പുതിയപുരയില്‍ ഖദീജയെ (28) വെട്ടിക്കൊല്ലുകയും രണ്ടാം ഭര്‍ത്താവ് ഹമീദിനെ (47) വധിക്കാന്‍ ശ്രമിച്ചെന്നുമാണ് കേസ്. പ്രതികള്‍ പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധികതടവ് അനുഭവിക്കണം.
2012 ഡിസംബര്‍ 12ന് ഉച്ചയ്ക്ക് 12 ഓടെയാണ് കേസിനാസ്പദമായ സംഭവം. പഴശി കുഴിക്കലിലെ ജസീല മന്‍സിലില്‍ കെ. നൗഷാദാണ് ഖദീജയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ രണ്ട് പെണ്മക്കളുണ്ട്. ഇതിനിടയിലാണ് ഷാഹുല്‍ ഹമീദുമായി യുവതി സ്നേഹത്തിലായത്. ഈ ബന്ധം ഒഴിവാക്കാനായി പറഞ്ഞെങ്കിലും പിന്മാറാത്ത വിരോധമാണ് കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.രണ്ടാം വിവാഹം നടത്താമെന്ന വ്യാജേന ആദ്യ വിവാഹം തലാഖ് നടത്തി.
ഖദീജയെയും ഷാഹുല്‍ ഹമീദിനെയും നാട്ടില്‍ എത്തിച്ചശേഷമാണ് കൊലയും കൊലപാതക ശ്രമവും നടന്നത്. മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഖദീജയെ വിവാഹം കഴിക്കാനിരുന്ന ഷാഹുല്‍ ഹമീദിനെയും ബന്ധുക്കളെയും പ്രതികള്‍ വീട്ടിലേക്ക് വിളിപ്പിച്ചത്. നിക്കാഹിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് ബന്ധുക്കളെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഈസമയം പ്രതികള്‍ ഖദീജയെ കുത്തിക്കൊലപ്പെടുത്തുകയും ഷാഹുല്‍ ഹമീദിനെയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. മട്ടന്നൂര്‍ പോലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.വി വേണുഗോപാലായിരുന്നു കേസ് അന്വേഷിച്ചത്. ആറ് പ്രതികളുണ്ടായിരുന്നതില്‍ നാലുപേരെ കോടതി വെറുതെ വിട്ടിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷനല്‍ ജില്ലാ ഗവ.പ്ലീഡര്‍ കെ.രൂപേഷ് ഹാജരായി.