പ്രവാസികൾക്കായി സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു
1574695
Friday, July 11, 2025 1:10 AM IST
കണ്ണൂർ: നോർക്കാ റൂട്ട്സിന്റെയും സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കുമായി സംഘടിപ്പിച്ച ഏകദിന സംരംഭകത്വ ശില്പശാല ഡിപിസി ഹാളിൽ നോർക്ക റൂട്ട്സ് ജനറൽ മാനേജർ ടി. രശ്മി ഉദ്ഘാടനം ചെയ്തു.
തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് പദ്ധതി (എൻഡിപിആർഇഎം), മറ്റ് പദ്ധതികൾ എന്നിവയെക്കുറിച്ച് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അസോസിയേറ്റ് പ്രഫസർ പി.ജി അനിൽ ക്ലാസെടുത്തു.
രണ്ടു വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി മലയാളികൾക്ക് സ്വയംതൊഴിൽ, സംരംഭങ്ങൾ എന്നിവ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും പ്രയോജനപ്പെടുന്നതാണ് എൻഡിപിആർഇഎം പദ്ധതി.
2025-26 വർഷത്തിൽ കേരളത്തിൽ 1500 പുതിയ സംരംഭകരെ സൃഷ്ടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംരംഭങ്ങൾ തെരഞ്ഞെടുക്കുന്നതിനും പദ്ധതി നടപ്പിലാക്കുന്നതിനും ആവശ്യമായ സാമ്പത്തിക, നിയമ, മാനേജ്മെന്റ് മേഖലകളെ സംബന്ധിച്ചുള്ള മാർഗനിർദേശങ്ങളും കുറഞ്ഞ മൂലധനത്തിൽ നാട്ടിൽ ആരംഭിക്കാൻ കഴിയുന്ന നൂതന ബിസിനസ് ആശയങ്ങളെക്കുറിച്ചും ശില്പശാലയിൽ സംവദിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 125 ലധികം പ്രവാസികൾ പങ്കെടുത്തു. ശില്പശാലയിൽ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ സ്മിത ചന്ദ്രൻ അധ്യക്ഷത വഹിച്ചു. സിഎംഡി പ്രോജക്ട് ഓഫീസർ ജി. ഷിബു, വി. ഷിജി എന്നിവർ പങ്കെടുത്തു.