സ്കൂളിലെ പാചകക്കാരിയെ ഡിവൈഎഫ്ഐ വനിതാ നേതാവ് മർദിച്ചു
1574686
Friday, July 11, 2025 1:10 AM IST
മണത്തണ: എസ്എഫ്ഐയുടെ പഠിപ്പ് മുടക്കിന്റെ ഭാഗമായി മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എത്തിയ ഡിവൈഎഫ്ഐ വനിതാ നേതാവ് സ്കൂളിൽ ഉച്ചഭക്ഷണം പാചകം ചെയ്യുന്ന പ്രായമായ സ്ത്രീയെ കൈയേറ്റം ചെയ്തു.
സ്കൂളിൽ മൂന്നുവർഷമായി ഹെൽപ്പറായി ജോലി ചെയ്യുന്ന വസന്തയെയാണ് കൈയേറ്റം ചെയ്തത്. കൈപിടിച്ച് തിരിച്ചുവെന്നും കൈയിലുണ്ടായിരുന്ന ഭക്ഷണം തട്ടി താഴെയിട്ടുവെന്നും വസന്ത പറഞ്ഞു. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം. കൈയ്ക്ക് പരിക്കേറ്റ വസന്ത പേരാവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവും വളയങ്ങാട് സ്വദേശിനിയുമായ അക്ഷയ മനോജിനെതിരേ വസന്ത പേരാവൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. യാതൊരു പ്രകോപനവുമില്ലാതെയാണ് സ്കൂളിന് പുറത്തുള്ളവർ കഞ്ഞിപ്പുരയിൽ കയറി അക്രമം കാണിച്ചതെന്ന് വസന്തയുടെ ബന്ധുക്കൾ പറഞ്ഞു.
സംസ്ഥാന വ്യാപകമായി ഇന്നലെ എസ്എഫ്ഐ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുറത്തുള്ള ആളുകൾ സ്കൂൾ അടപ്പിക്കുന്നതിന് എത്തിയത്. ഇവർ ഭക്ഷണം പാകം ചെയ്യുന്നിടത്ത് എത്തി ബഹളമുണ്ടാക്കുകയായിരുന്നു.
കൂട്ടത്തിൽ മറ്റാളുകൾ ഉണ്ടായിരുന്നെങ്കിലും ഡിവൈഎഫ്ഐ വനിതാ നേതാവാണ് വസന്തയെ കൈയേറ്റം ചെയ്തതെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രായമായ സ്ത്രീയെ കൈയേറ്റം ചെയ്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.