മാടായി പഞ്ചായത്ത് പ്രസിഡന്റിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്; രേഖകൾ പിടിച്ചെടുത്തു
1574690
Friday, July 11, 2025 1:10 AM IST
പഴയങ്ങാടി: മാടായി പഞ്ചായത്ത് പ്രസിഡന്റ് കായിക്കാരൻ സഹീദിന്റെ വീട്ടിലും പഞ്ചായത്ത് ഓഫീസിലും വിജിലൻസ് റെയ്ഡ്. അനധികൃത സ്വത്തു സന്പാദനമെന്ന പരാതിയെ തുടർന്നായിരുന്നു റെയ്ഡ്. പരിശോധനയിൽ ചില നിർണായക രേഖകൾ കണ്ടെത്തി കസ്റ്റഡിയിലെടുത്തതായാണ് വിവരം.
ഇന്നലെ പുലർച്ചെ ആറോടെയാണ് വിജിലൻസ് സംഘം മാട്ടൂൽ നോർത്തിലെ വീട്ടിൽ റെയ്ഡിനെത്തിയത്. കോഴിക്കോട് വിജിലൻസ് വിഭാഗം സ്പെഷൽ സെല്ലിലെ ഡിവൈഎസ്പിമാരായ സുരേഷ്, രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള 33 അംഗ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന വൈകുന്നേരം ഏഴു വരെ നീണ്ടു.
പ്രസിഡന്റിന്റെ വീട്ടിൽ റെയ്ഡ് നടക്കുന്ന അതേ സമയം തന്നെയാണ് പഞ്ചായത്ത് ഓഫീസിലും പരിശോധന നടത്തിയത്. കൂടാതെ കായിക്കാരൻ സഹീദിന്റെ അടുത്ത സുഹൃത്തായ ഒരാളുടെ മാട്ടൂലിലെ വീട്ടിലും പരിശോധന നടത്തി. മുസ്ലിം ലീഗ് അഖിലേന്ത്യാ കമ്മിറ്റിയംഗവും പുതിയങ്ങാടി ജമാഅത്ത് ഹൈസ്കൂൾ ചെയർമാനും കൂടിയാണ് കായിക്കാരൻ സഹീദ്.
അനധികൃത സ്വത്ത് സന്പാദനമെന്ന പരാതിയിൽ കണ്ണൂർ വിജിലൻസ് വിഭാഗം പ്രാഥമികാന്വേഷണം നടത്തിയതിനെ തുടർന്ന് പരാതിയിൽ കഴന്പുണ്ടെന്ന് കാണിച്ച് വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതേത്തുടർന്ന് വിജിലൻസ് ഡയറക്ടറേറ്റ് നിർദേശപ്രകാരം നേരത്തെ കോഴിക്കോട് സ്പെഷ്യൽ സെൽ അന്വേഷിക്കുകയും ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെയും കൂടി അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.