ന്യായമായ നഷ്ടപരിഹാരം ഇല്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കാൻ കർഷകരും ഭൂവുടമകളും
1574698
Friday, July 11, 2025 1:10 AM IST
ഇരിട്ടി: നിർദിഷ്ട 400 കെവി ലൈൻ നഷ്ടപരിഹാര പാക്കേജുമായി ബന്ധപ്പെട്ട് സമരസമിതിയുടെ ആവശ്യങ്ങൾ പരിഗണിക്കാതെ ഏകപഷീയമായ പാക്കേജ് പ്രഖ്യാപനത്തിന് എതിരെ ഭൂമി നഷ്ടപ്പടുന്ന കർഷകർ ശക്തമായ പ്രക്ഷോഭത്തിലേക്ക്. അയ്യൻകുന്ന് പഞ്ചായത്തിൽ ചേർന്ന കർഷകരും ഭൂവുടമകളും സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായി യോഗം ചേർന്നു. വൈദ്യുത മന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന നഷ്ടപരിഹാര പാക്കേജ് അംഗീകരിക്കില്ലെന്നും ന്യായമായ വില ലഭിക്കുന്നതുവരെ സമരവുമായി മുന്നോട്ടുപോകുമെന്നും യോഗം ഏകകണ്ഠമായി പ്രഖ്യാപിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈന്പള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്തലത്തിൽ യോഗം വിളിച്ചു ചേർക്കാനും ഭൂമി നഷ്ടപ്പെടുന്ന മുഴുവൻ പേരെയും അണിനിരത്തി ജില്ലാ ആസ്ഥാനത്തേക്ക് ബഹുജന സമരപരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ന്യയമായ വില ലഭിക്കാതെ ഭൂമിയിൽ പ്രവേശിക്കാൻ അധികൃതരെ അനുവദിക്കില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി.
വില നിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാണിച്ച യോഗം നാലും അഞ്ചും കോടി രൂപ ലഭിക്കേണ്ട ഭൂമിക്ക് നിസാര നഷ്ടപരിഹാരമാണ് നിലവിൽ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. പ്രധാന റോഡുകൾ, പഞ്ചായത്ത് റോഡുകൾ എന്നിവ കണക്കാക്കി സ്ഥലത്തിന് പ്രത്യേക നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു.
ലൈൻ കടന്നുപോകുന്നതിന് താഴെ വരുന്ന വീടുകൾക്ക് ചതുരശ്ര അടിക്ക് 2500 രൂപ നഷടപരിഹാരം എന്ന ആവശ്യം വീണ്ടും സർക്കാരിൽ ഉന്നയിക്കും. ഇന്നലത്തെ യോഗതീരുമാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ജനകീയ പരാതി മന്ത്രിക്കും കളക്ടർക്കും വൈദ്യുതി ബോർഡിനും കൈമാറും. യോഗത്തിൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ തോമസ് വർഗീസ്, പഞ്ചായത്തംഗങ്ങളായ ലിസി തോമസ്, മിനി വിശ്വനാഥൻ, സിബി വാഴക്കാലയിൽ, ആക്ഷൻ കമ്മിറ്റി കൺവീനർ ബെന്നി പുതിയാമ്പുറം എന്നിവർ പ്രസംഗിച്ചു.