കാരുണ്യ സ്പർശം അവാർഡ് കരുവഞ്ചാൽ ആശാഭവന്
1574687
Friday, July 11, 2025 1:10 AM IST
വായാട്ടുപറമ്പ്: ഈ വർഷത്തെ ജോർജ് അർത്തനാകുന്നേൽ സ്മാരക കാരുണ്യ സ്പർശം അവാർഡിന് കരുവഞ്ചാൽ ആശാഭവൻ സ്പെഷൽ സ്കൂൾ അർഹമായി. കാൽലക്ഷം രൂപയും പ്രശസ്തി ഫലകവും അടങ്ങുന്ന അവാർഡ് 14 ന് രാവിലെ11 ന് കരുവഞ്ചാൽ ആശാഭവൻ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ആശാഭവൻ പ്രിൻസിപ്പൽ സിസ്റ്റർ മെർലിനു കരുവഞ്ചാൽ ലിറ്റിൽ ഫ്ലവർ ഇടവക വികാരി ഫാ. ജോസഫ് ഈനാച്ചേരി സമ്മാനിക്കുമെന്ന് ബി പോസിറ്റീവ് ഭാരവാഹികൾ അറിയിച്ചു.
എസ്എച്ച് കോൺവന്റ് തലശേരി പ്രോവിൻസിനു കീഴിൽ ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന കുട്ടികളെ പരിശീലിപ്പിക്കുന്ന ആശാഭവൻ സ്പെഷൽ സ്കൂളിന്റെ പ്രവർത്തനം മാതൃകാപരവും അനേകം കുടുംബങ്ങൾക്കു വലിയ ആശ്വാസം നൽകുന്നതുമാണെന്ന് അവാർഡ് കമ്മറ്റി വിലയിരുത്തി. വലിയ ക്ഷമയും ശ്രദ്ധയും സഹാനുഭൂതിയും സാമ്പത്തിക ബാധ്യതയും ആവശ്യമായ സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും കമ്മിറ്റി നിരീക്ഷിച്ചു. ഇത്തരം സ്ഥാപനങ്ങൾ ദേശത്തിന് അനുഗ്രഹവും പ്രോത്സാഹിക്കപ്പെടേണ്ടതുമാണ്.
41 വർഷം മുന്പ് ഫാ. തോമസ് കുറിച്യാപറമ്പിൽ മുൻകൈ എടുത്ത് സ്ഥാപിച്ച ആശാഭവൻ സ്പെഷൽ സ്കൂളിൽ ആറ് സിസ്റ്റേഴ്സ് അടക്കം 13 പേർ സേവനം അനുഷ്ഠിക്കുന്നു. ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന ആൺകുട്ടികളും പെൺകുട്ടികളുമടക്കം 50 പേരാണ് ഇപ്പോൾ സ്പെഷൽ സ്കൂളിൽ പരിശീലനത്തിനുള്ളത്.
വായാട്ടുപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബി പോസിറ്റീവ് ട്രസ്റ്റിന്റെ കാരുണ്യ സ്പർശം അവാർഡ് കഴിഞ്ഞ വർഷങ്ങളിൽ ആശാൻകവല തിരുരക്ത ആശ്രമം, ചെമ്പേരി കരുണാലയം, കരുണാപുരം കാരുണ്യഭവൻ എന്നീ സ്ഥാപനങ്ങൾക്കാണ് ലഭിച്ചത്.