എസ്എഫ്ഐ ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൽ ഉന്തും തള്ളും
1574702
Friday, July 11, 2025 1:10 AM IST
കണ്ണൂർ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ഗവർണറുടെ നടപടികൾ അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ട് എസ്എഫ്ഐ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പോലീസും സമരക്കാരും തമ്മിൽ സംഘർഷം. മാർച്ച് പോലീസ് ഹെഡ് പോസ്റ്റ് ഓഫീസ് ഗേറ്റ് അടച്ച് തടഞ്ഞെങ്കിലും സമരക്കാർ പോലീസിനെ മറികടന്ന് ഓഫീസിലേക്ക് കടക്കാൻ ശ്രമിച്ചതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. പോലീസ് വലയം ഭേദിച്ച് സമരക്കാർ ഹെഡ് പോസ്റ്റ് ഓഫീസ് വളപ്പിലേക്ക് കടന്നെങ്കിലും നേതാക്കളുൾപ്പടെയുള്ളവർ സമരക്കാരെ പിന്തിരിപ്പിച്ചു.
തുടർന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ടി.പി. അഖില ഉദ്ഘാടനം ചെയ്തു. കേരളത്തിലെ സർവകലാശാലകളെ കാവിവത്കരിക്കാനായി ആർഎസ്എസും ബിജെപിയും ഗവർണറെയും വൈസ് ചാൻസലർമാരെയും ഉപയോഗപ്പെടുത്തുകയാണ്. ഇതിനെ എസ്എഫ്ഐ പ്രതിരോധിക്കുമെന്ന് ടി.പി. അഖില പറഞ്ഞു.