ഉളിക്കൽ കോളിത്തട്ടിൽ കാട്ടാന കൃഷി നശിപ്പിച്ചു
1574697
Friday, July 11, 2025 1:10 AM IST
ഉളിക്കൽ: ഉളിക്കൽ പഞ്ചായത്ത് കോളിത്തട്ട് രണ്ടാംകൈയിൽ കാട്ടാനയിറങ്ങി കാഞ്ഞിരത്തിങ്കൽ ദാസന്റെ കൃഷി നശിപ്പിച്ചു. വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കൃഷികൾ ആന ചവിട്ടിനശിപ്പിച്ചു. പ്രദേശത്ത് ആദ്യമായാണ് കാട്ടാന എത്തുന്നതെന്നു പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.
രാത്രിയിൽ ശക്തമായ മഴ പെയ്തതുകൊണ്ട് ശബ്ദം ഒന്നും കേട്ടില്ലെന്നാണ് ദാസൻ പറയുന്നത്. കർണാടക വനത്തിൽ നിന്നെത്തിയ ആനയാണെന്നാണ് കരുതുന്നത്. ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റും ഭരണസമിതി അംഗങ്ങളും വനം വകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
ജനവാസമേഖലയിൽ കാട്ടാന ഇറങ്ങി കർഷകർക്ക് ഭീഷണിയാകുന്നത് തടയാനുള്ള നടപടി വനം വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജി ആവശ്യപ്പെട്ടു. ഉളിക്കൽ പഞ്ചായത്തിലും പായം പഞ്ചായത്തിലും കാട്ടാന ഇറങ്ങി വിലപ്പെട്ട രണ്ടു ജീവനുകളുമാണ് ചവിട്ടി മെതിച്ചത്. ഇനിയൊരു അപകടം സംഭവിക്കാതിരിക്കാൻ അധികൃതർ ജാഗ്രത പാലിക്കണമെന്നും രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന കർഷകരുടെ നഷ്ടപരിഹാരം അടിയന്തരമായി കൈമാറണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.