കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ പുതിയ പാത വരുന്നു
1574689
Friday, July 11, 2025 1:10 AM IST
കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷന്റെ മുഖ്യകവാടത്തിലേക്ക് പ്രവേശിക്കാൻ ഇനി കുരുക്കിൽ കിടക്കേണ്ട. ഇവിടെ പുതിയ പാതയ്ക്കൊരുങ്ങുകയാണ് റെയിൽവേ. നിലവിലുള്ള കവാടത്തിന് പുറമെ മുനീശ്വരൻ കോവിലിലെ ആർഎസ് പോസ്റ്റ് ഓഫീസിന് അരികിലൂടെയാണ് പുതിയ പാത നിർമിക്കാനുദ്ദേശിക്കുന്നത്.
പാഴ്സൽ ഓഫീസിനോട് ചേർന്ന് നിലവിലുള്ള വീതികുറഞ്ഞ റോഡ് ഇതുമായി ബന്ധിപ്പിച്ച് വിപുലീകരിച്ച് നിലവിൽ പുറത്തേക്കുള്ള വഴിയുമായി ചേരും. ഏഴുമീറ്റർ വീതിയിൽ വൺവേയായിരിക്കും നിർമിക്കുക. റോഡിൽനിന്ന് സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന കവാടം അതുപോലെ തുടരും.
പാത യാഥാർത്ഥ്യമായാൽ മുനീശ്വരൻ കോവിൽ മുതൽ താവക്കര വരെയുണ്ടാകുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് കുറയുമെന്ന് അധികൃതർ പറഞ്ഞു. അതേസമയം റെയിൽവേ വികസനം ഇല്ലാതാക്കി ഭൂമി സ്വകാര്യ കന്പനിക്ക് പാട്ടത്തിന് നല്കിയത് സ്റ്റേഷൻ റോഡ് വിപുലീകരണത്തെയും ബാധിക്കും.
സ്റ്റേഷന് പടിഞ്ഞാറുഭാഗത്തെ റോഡിലൂടെ നിലവിൽ രൂക്ഷമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ സ്വകാര്യ കമ്പനിയുടെ ഷോപ്പിംഗ് കോംപ്ലക്സ് വന്നാൽ വീതികൂട്ടാനാകില്ലെന്നാണ് വ്യാപാരികളടക്കം പറയുന്നത്. റെയിൽവേ ഭൂമി പാട്ടത്തിനെടുത്ത ടെക്സ് വർത്ത് കന്പനി വാണിജ്യകെട്ടിടം നിർമിക്കാനുള്ള പ്രവൃത്തിയിലാണ്. റെയിൽവേ പദ്ധതിയുടെ സ്കെച്ചിലും റോഡ് തുറക്കുന്നത് ഏറ്റവും തിരക്കുള്ള പ്ലാസ ജംഗ്ഷനിലേക്കാണ്. ഇത് തിരിച്ചടിയാകാം.