കെഎഎസ്എൽജിഇയു സംസ്ഥാന സമ്മേളനം ഇന്നു മുതൽ കണ്ണൂരിൽ
1574688
Friday, July 11, 2025 1:10 AM IST
കണ്ണൂർ: കേരള എയ്ഡഡ് സ്കൂൾ ലാസ്റ്റ് ഗ്രേഡ് എംപ്ലോയീസ് യൂണിയൻ (കെഎഎസ്എൽജിഇയു) 55ാം വാർഷികാഘോഷവും 31ാം സംസ്ഥാന സമ്മേളനവും ഇന്നു മുതൽ 13 വരെ കണ്ണൂരിൽ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിന് ശിക്ഷക് സദനിൽ പതാക ഉയർത്തുന്നതോടെ സമ്മേളനത്തിനു തുടക്കമാകും.
തുടർന്ന് നടക്കുന്ന സംസ്ഥാന എക്സിക്യുട്ടീവ് കൗൺസിൽ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികളായ കെ.എം. ബാലകൃഷ്ണൻ നന്പൂതിരിയും കെ.ടി. സജീവനും പത്രസമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 11ന് സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായിരിക്കും. സർവീസിൽ നിന്നു വിരമിക്കുന്ന ജീവനക്കാരെ ഡപ്യൂട്ടി മേയർ ടി. ഇന്ദിര ആദരിക്കും. ഉന്നതവിജയികളെ ഡിഡിഇ ഡി. ഷൈനി അനുമോദിക്കും. 13ന് രാവിലെ 10ന് തളാപ്പ് ചെങ്ങിനിപ്പടി യുപി സ്കൂളിൽ നടക്കുന്ന പ്രതിനിധി സമ്മേളനം ടി.കെ. അബ്ദുൾ റഷീദ് ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് രണ്ടിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും.
ഹയർ സെക്കൻഡറി പരീക്ഷ പേപ്പർ സൂക്ഷിക്കുന്ന സ്കൂളുകളിൽ സുരക്ഷാ ചുമതലയ്ക്ക് ക്ലാസ് ഡി ജീവനക്കാരെ നിയോഗിച്ച് പീഡിപ്പിക്കുന്ന സർക്കാർ നടപടി പിൻവലിക്കണം. നേരത്തെ പോലീസ് വഹിച്ചിരുന്ന ചുമതലയാണ് ജീവനക്കാരുടെ തലയിലേക്ക് അടിച്ചേൽപ്പിക്കുന്നത്. യാതൊരു സുരക്ഷയുമില്ലാത്ത സ്ഥലത്ത് ഇത്തരത്തിൽ ജീവനക്കാരെ നിയോഗിക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എല്ലാ ജീവനക്കാരെയും സ്റ്റാറ്റ്യൂട്ടറി പെൻഷനു കീഴിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തിൽ ടി.വി. അനിൽകുമാർ, ഇ.സി. മനോജ്, കെ.എൻ. രാജു തുടങ്ങിയവരും പങ്കെടുത്തു.