കാടുകയറുന്ന കായിക സ്വപ്നം
1574699
Friday, July 11, 2025 1:10 AM IST
മഞ്ഞളാംപുറം: കേളകം പഞ്ചായത്തിലെ മഞ്ഞളാംപുറത്ത് നിര്‍മിച്ച മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക്ക് സ്റ്റേഡിയത്തോട് അവഗണ. 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച സിന്തറ്റിക്ക് സ്റ്റേഡിയം ആരും തിരിഞ്ഞ് നോക്കാന്‍ ഇല്ലാതെ വന്നതോടെ എതാണ്ട് പൂര്‍ണമായി നശിച്ചു. മലയോരത്തെ കായിക പ്രതിഭകള്‍ക്ക് ഉപകാരപ്രദമാകേണ്ട സ്റ്റേഡിയമാണ് നശിച്ചത്. സ്റ്റേഡിയം നവീകരിക്കുന്നതിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ല.
ഇപ്പോള്‍ സ്റ്റേഡിയത്തിന്റെ സ്ഥിതി പരിതാപകരമാണ്. സ്റ്റേഡിയം പൂര്‍ണമായും കാട് കയറിയ നിലയിലാണ്. സ്റ്റേഡിയത്തിന് ചുറ്റം ഉണ്ടായിരുന്ന വേലികള്‍ പൂര്‍ണമായി തകര്‍ന്നു. വേലിയുടെ തൂണുകള്‍ മാത്രമാണ് ബാക്കിയുളളത്. തൂണുകളും തുരുമ്പെടുത്തു. കൃത്യമായ പരിപാലം നടത്താതെ വന്നതോടെ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് പ്രതലം പൂര്‍ണമായി നശിച്ചു. ബാസ്ക്കറ്റ് ബോള്‍ പോളും തുരുമ്പെടുത്തു.
രാത്രിയില്‍ മത്സരങ്ങളും പരിശീലനവും നടത്തുന്നതിനായി ചുറ്റം ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഇതും നശിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ഉപയോഗിച്ച് സംസ്ഥാന കായിക വകുപ്പാണ് സ്റ്റേഡിയം നിര്‍മിച്ചത്. 2015ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. എന്നാല്‍, പിന്നീട് വേണ്ട രീതിയില്‍ ഉപയോഗിക്കുകയോ പരിപാലിക്കുകയോ ചെയ്തില്ല. അതോടെ സ്റ്റേഡിയം നശിക്കുകയായിരുന്നു.
ഫണ്ട് ഇല്ലാത്തതുകൊണ്ടാണ് സ്റ്റേഡിയം നവീകരിക്കാന്‍ സാധിക്കാത്തത് എന്ന് പഞ്ചായത്തംഗം ജോണി പാമ്പാടി പറഞ്ഞു.
മള്‍ട്ടി പര്‍പ്പസ് സിന്തറ്റിക്ക് സ്റ്റേഡിയം വേണ്ട രീതിയില്‍ നവീകരിച്ചാല്‍ കുട്ടികള്‍ക്കും കായികതാരങ്ങള്‍ക്ക് പരിശീലനം നടത്താനും മത്സരങ്ങള്‍ സംഘടിപ്പിക്കാനും സാധിക്കും. എന്നാല്‍, കായിക വകുപ്പ് പോലും സ്റ്റേഡിയത്തെ മറന്ന നിലയിലാണ്.