ചെങ്കൽ ഖനനം: ബാലേശുഗിരി ആക്ഷൻ കമ്മിറ്റി താലൂക്ക് ഓഫീസ് ധർണ നടത്തും
1574694
Friday, July 11, 2025 1:10 AM IST
ചപ്പാരപ്പടവ്: കളക്ടറുടെ ഉത്തരവ് മറികടന്ന് മാവിലംപാറയിൽ ചെങ്കൽ ഖനനം നടത്തുന്നതിനെതിരെ ശക്തമായ സമരം ആരംഭിക്കാൻ ബാലേശുഗിരിയിലെ ജനങ്ങൾ തീരുമാനിച്ചു. ചെങ്ങളായി പഞ്ചായത്തിലെ മാവിലം പാറയിൽ നടക്കന്ന ഖനനത്തിന്റെ ദുരിതം ചപ്പാരപ്പടവ് പഞ്ചായത്തിലെ ബാലേശുഗിരിയിലെ ജനങ്ങളാണ് അനുഭവിക്കുന്നതെന്ന് സമരപരിപാടികൾ ആലോചിക്കാനായി ചേർന്ന യോഗം ചൂണ്ടിക്കാട്ടി.
ഖനനത്തിനെതിരെ പ്രദേശവാസികൾ ബാലേശുഗിരി ആക്ഷൻ കമ്മിറ്റി രൂപീകരിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ആക്ഷൻ കമ്മിറ്റി പ്രദേശവാസികൾ നേരിടുന്ന ദുരിതം സംബന്ധിച്ച് കളക്ടർക്ക് നൽകിയ പരാതിയെ തുടർന്ന് കളക്ടർ സ്ഥലം സന്ദർശിച്ചിരുന്നു. തുടർന്നാണ് ഖനനം നിർത്തി വെക്കാൻ ഉത്തരവിട്ടത്. എന്നാൽ, കളക്ടറുടെ ഉത്തരവ് ലംഘിച്ചും ഖനനം നടത്തുകയാണ്.
അധികാരികളുടെ ഒത്താശയോടെയാണ് അനധികൃത ഖനനം നടക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി താലൂക്ക് ഓഫീസ് ധർണ ഉൾപ്പെടുയുള്ള സമരപരിപാടികൾക്ക് യോഗം രൂപം നൽകി. യോഗത്തിന് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
എ.എൻ. വിനോദ്, വി.വി. നാരായണൻ, മനോജ് ശാസ്താംപടവിൽ, ജോസ് മുടവനാട്ട്, വിൽസൺ കിഴക്കേക്കര, കെ.വി. അരുൺ ബാബു, ജോബി കിഴക്കേക്കര, ടോം എടാട്ടേൽ എന്നിവർ പ്രസംഗിച്ചു.