തടിക്കടവ് പന്ത്രണ്ടാം ചാലിൽ റോഡ് ആര് സംരക്ഷിക്കും
1574692
Friday, July 11, 2025 1:10 AM IST
തടിക്കടവ്: തടിക്കടവ് റോഡിൽ പന്ത്രണ്ടാംചാൽ പക്ഷിസങ്കേതത്തിനു സമീപം റോഡ് പുഴയിലേക്ക് ഇടിഞ്ഞിട്ട് രണ്ടുവർഷം കഴിഞ്ഞു. കഴിഞ്ഞവർഷവും റോഡ് പുഴയിലേക്ക് ഇടിയുകയുണ്ടായി. സംരക്ഷണഭിത്തി നിർമിക്കാത്തതാണ് മണ്ണിടിയാൻ കാരണം. നൂറ്റാണ്ട് പഴക്കമുള്ള നിരവധി മരങ്ങൾ ഉൾപ്പെടെ റോഡിലേക്കു വീഴുന്ന നിലയിലാണ്. സമീപത്ത് വീടുമുണ്ട്. ഇരുപതോളം അടി ഉയരത്തിലുള്ള മണ്ണാണ് പുഴയിലേക്ക് ഇടിഞ്ഞുവീണത്. റോഡ് ഇനിയും ഇടിയാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി ചപ്പാരപ്പടവ് പഞ്ചായത്ത് കഴിഞ്ഞ രണ്ടു വർഷവും ദുരന്ത നിവാരണ അഥോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
മണിക്കൽ പുഴയോടു ചേർന്നുള്ള ഈ ഭാഗത്തെ റോഡ് കൊടുംവളവുകളും ചെരിവുമുള്ളതാണ്. 12 മീറ്റർ വീതിയിൽ നിർമിച്ച റോഡിന്റെ ഈ ഭാഗത്തെ വീതി 10 മീറ്ററിൽ താഴെയാണ്. ഇവിടെ പാതയോരമില്ല. ടാറിംഗ് കഴിഞ്ഞ ഭാഗം വൻ താഴ്ചയാണ്. മണ്ണിടിച്ചിലും അപകട ഭീഷണിയും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ കളക്ടർക്ക് അടക്കം പരാതി നൽകിയതാണ്. 70 കോടി ചെലവഴിച്ച് ലോകോത്തര നിലവാരത്തിൽ നവീകരിക്കുന്നതായി പറഞ്ഞ റോഡിനാണ് ഈ ദുർഗതി. അതേസമയം, ഏഴുവർഷമായിട്ടും റോഡ് നവീകരണം പൂർത്തിയായിട്ടുമില്ല.
12 മീറ്ററിൽ നവീകരിച്ച റോഡിന്റെ പലഭാഗത്തും 10 മീറ്ററോ അതിൽ താഴെയോ മാത്രമേ വീതിയുളളൂ. ചിലയിടങ്ങളിൽ കേസുള്ളതിനാൽ നിശ്ചിത വീതി ലഭിക്കാത്ത അവസ്ഥ നിലനിൽക്കുന്നുണ്ട്. ആദ്യം 10 മീറ്ററിൽ നവീകരിക്കുമെന്നു പറഞ്ഞ റോഡാണ് പിന്നീട് 12 മീറ്ററായി ഉയർത്തിയത്. എന്നാൽ, ഏഴര മീറ്ററേ ടാറിംഗ് ഉള്ളൂ. അതിലേക്കും ഇപ്പോൾ കാടുവളർന്നു നിൽക്കുകയാണ്. ടാറിംഗിനു ശേഷമുള്ള ഭാഗം കോൺക്രീറ്റ് ചെയ്യാത്തതാണ് ഇതിനു കാരണം. പലയിടങ്ങളിലും ഓവുചാൽ നിർമിക്കാത്തതിനാൽ മഴവെള്ളം റോഡിലൂടെയാണ് ഒഴുകുന്നത്. റോഡിന് ഇരുവശത്തു നിന്നും രണ്ടുമീറ്റർ വീതമെടുത്തായിരുന്നു നവീകരണം. കെട്ടിടങ്ങളും മതിലുകളും മുറ്റവുമെല്ലാം ഇടിച്ചുതകർത്താണ് റോഡിന് വീതി കൂട്ടിയതെങ്കിലും ഇതിന്റെ പ്രയോജനം ജനങ്ങൾക്കു ലഭിക്കുന്നില്ല.
കഴിഞ്ഞവർഷം പുഴയിടിഞ്ഞപ്പോൾ നാട്ടുകാരുടെയും ചപ്പാരപ്പടവ് പഞ്ചായത്തിന്റെയും പരാതികളെ തുടർന്ന് സബ് കളക്ടർ സ്ഥലം സന്ദർശിച്ചിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തതാണ്. എന്നാൽ, ആ സമയത്ത് പുഴയിൽ വലിയ വെള്ളമായതിനാൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും പുഴയിൽ വെള്ളം കുറയുമ്പോൾ നടപടി സ്വീകരിക്കാമെന്നുമാണ് പറഞ്ഞത്. എന്നാൽ കഴിഞ്ഞ വേനലിലും ഒന്നും ചെയ്തിട്ടില്ല. ഇപ്പോഴും അതേ അവസ്ഥ തുടരുന്നു. വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്താതെ സത്വര നടപടി സ്വീകരിക്കാൻ തയാറാകണമെന്നാണ് നാട്ടുകാരും പഞ്ചായത്ത് ഭരണസമിതിയും ആവശ്യപ്പെടുന്നത്.