ഇരിട്ടി താലൂക്ക് ആശുപത്രിയിലെ മൂന്നു ഓഫീസുകൾ മാറ്റുന്നു
1575006
Saturday, July 12, 2025 2:31 AM IST
ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ചോർന്നൊലിച്ച് അപകടാവസ്ഥയിലായ പഴയ ഒപി ബ്ലോക്കിലെ മൂന്ന് ഓഫീസുകൾ മാറ്റാൻ നടപടി തുടങ്ങി. 2009 ൽ ഉദ്ഘാടനം ചെയ്ത ഒപി ബ്ലോക്കിന്റെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന താലൂക്ക് ആശുപത്രി ഓഫീസും പൊതുജനാരോഗ്യ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിട ഭാഗവുമാണ് അപകടാവസ്ഥയിലായത്.
പൊതുജനാരോഗ്യ വിഭാഗം പ്രവർത്തിക്കുന്ന മൂന്നു മുറികളിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും നനയാതെ മേശപ്പുറത്ത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മൂടിയിട്ടിരിക്കുകയാണ്. കെട്ടിടത്തിന്റെ കോൺക്രീറ്റിനും ചുമരിലും വിള്ളൽ വീണ് ഇളകിയ നിലയിലാണ്. ദന്തരോഗ വിഭാഗവും ഇവിടെതന്നെയാണ് പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ മുന്പിലുള്ള കൂറ്റൻ ടാങ്കും പമ്പ് ഹൗസും കാലപ്പഴക്കവും അവഗണനയും കാരണം അപകട ഭീഷണിയിലാണ്. കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താതിരുന്നതും നിർമാണത്തിലെ അപാകതയുമാണ് കെട്ടിടത്തിന് ബലക്ഷയം സംഭവിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ പഴയ കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണ് ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തിനു പിന്നാലെയാണ് നഗരസഭ എൻജിനിയറിംഗ് വിഭാഗം കെട്ടടത്തിൽ പരിശോധന നടത്തുകയും ഉടൻ ഓഫീസ് മുറികൾ മാറ്റാൻ നിർദേശിക്കുകയും ചെയ്തത്.