ആറളം പുനരധിവാസ മേഖലയിൽ മുട്ടക്കോഴികളെ വന്യജീവി കടിച്ചുകൊന്നു
1575008
Saturday, July 12, 2025 2:31 AM IST
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒന്പത് കാളിക്കയത്തിൽ ലതയുടെ മുട്ടക്കോഴികളെ വന്യജീവി കടിച്ചു കൊന്നു. ബുധനാഴ്ച രാത്രിയാണ് സംഭവം. വ്യാഴാഴ്ച പുലർച്ചെ കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് ലതയും കുടുംബവും കോഴികളെ കടിച്ച് കൊന്നത് കാണുന്നത്.
മുട്ടയിടാൻ പ്രായമായ ഒന്പത് കോഴികളെയാണ് വന്യജീവി കടിച്ച് കൊന്നത്. ഒന്നോ രണ്ടോ കോഴികളെ തിന്ന ശേഷം ജീവി ബാക്കി കോഴികളെ മുഴുവൻ കടിച്ച് കൊന്ന ശേഷം കൂട്ടിൽ ഉപേക്ഷിച്ച് നിലയിലാണ്. കൂടിന്റെ അടിഭാഗത്തെ രണ്ട് കല്ലുകൾ ഇളക്കി മാറ്റിയ നിലയിലാണ് ഉള്ളതെന്ന് ലത പറയുന്നു.
അഞ്ചുമാസം മുന്പാണ് പഞ്ചായത്ത് മുഖേന ലതക്ക് 10 കോഴി കുഞ്ഞുങ്ങളെ ലഭിക്കുന്നത്. ഒരു മാസമായി കൊട്ടിയൂർ അമ്പലത്തിൽ ജോലിക്ക് പോയ ലതയും കുടുബവും കഴിഞ്ഞ ദിവസമാണ് മടങ്ങി എത്തിയത്. അതുവരെ അയൽവാസികൾ ആയിരുന്നു കോഴികളെ പരിപാലിച്ചിരുന്നത്.
കോഴികളെ വന്യമൃഗം കടിച്ചുകൊന്ന വിവരം പ്രമോട്ടർ ഉൾപ്പെടെ അധികൃതരെ അറിയിച്ചിട്ട് ആരും സ്ഥലത്തെത്തി പരിശോധന നടത്തിയില്ലെന്ന് കുടുംബം പരാതി പറയുന്നു. കോഴികൾ ചത്തതിന് കാരണം പക്ഷിപ്പനിയോ നിപ്പയോ ആയിരിക്കുമെന്ന് പ്രൊമോട്ടർ പറഞ്ഞതായും കുടുംബം പറയുന്നു.