അമിതവേഗക്കാരെ പിടിക്കാൻ കാമറ വേണം
1575015
Saturday, July 12, 2025 2:31 AM IST
പയ്യാവൂർ: ചെറുപുഴ-വള്ളിത്തോട് സംസ്ഥാന പാതയിൽ ചമതച്ചാൽ ജംഗ്ഷൻ അപകട മേഖലയായി മാറുന്നു. രണ്ടു മാസത്തിനുള്ളിൽ പൊലിഞ്ഞത് രണ്ടുജീവൻ. മേയ് രണ്ടിന് കാർ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടന്നുപോയ മൂന്നുവയസുകാരി മരിച്ചത്. ഈ നൊമ്പരം മാറുന്നതിനിടെയാണ് റോഡ് മുറിച്ച് കടക്കവേ ലോട്ടറി തൊഴിലാളിയായ 58കാരൻ ദിവസങ്ങൾക്കു മുന്പ് കാറിടിച്ച് മരിച്ചത്.
ഇതുപോലെ ഇവിടെ നടന്ന ചെറുതും വലുതുമായ അപകടങ്ങൾ നൂറിലേറെ വരും. അമിതവേഗതയാണ് മിക്ക അപകടങ്ങൾക്കു പിന്നിൽ. വാഹനങ്ങൾ കാക്കത്തോട് മുതൽ വർധിക്കുന്ന വേഗത ചമതച്ചാൽ വളവിലാണ് കുറയ്ക്കുന്നത്. വളവുകളിൽ വേഗത കുറയ്ക്കാത്തതും ഡ്രൈവിംഗിനിടെയുള്ള ഫോൺ ഉപയോഗവും അപകടത്തിന് കാരണമാകുന്നുണ്ട്. ചമതച്ചാൽ ജംഗ്ഷനിൽ നിരീക്ഷണ കാമറകളും വേഗനിയന്ത്രണ ബോർഡുകളും സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ചമതച്ചാൽ പള്ളി കഴിഞ്ഞാൽ ജംഗ്ഷൻ വരെ ഇറക്കമായതിനാൽ അപകടസാധ്യത ഏറെയാണ്.