വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ്
1575001
Saturday, July 12, 2025 2:31 AM IST
കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തി. സംഭവത്തിൽ പോലീസും ആർപിഎഫും അന്വേഷണം ഊർജിതമാക്കി. ഇന്നലെ പുലർച്ചെ രണ്ടോടെയാണു സംഭവം. കൊച്ചുവേളിയിൽനിന്നു ഭാവ്നഗറിലേക്കു പോകുന്ന ട്രെയിൻ കടന്നുപോകുന്ന സമയത്താണ് കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയത്.
സ്ലാബിന് മുകളിൽ കയറി ട്രെയിൻ കുലുങ്ങുകയായിരുന്നു.
ട്രെയിൻ നിർത്തി പരിശോധിച്ചപ്പോഴാണ് കോൺക്രീറ്റ് സ്ലാബാണെന്ന് മനസിലായത്. റെയിൽവേ അറ്റകുറ്റപ്പണികൾക്കായി റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ച നമ്പർ പതിച്ച സ്ലാബാണു ട്രാക്കിൽ കണ്ടെത്തിയത്. വളപട്ടണം റെയിൽവേ സ്റ്റേഷനിൽനിന്ന് 50 മീറ്റർ മാറിയാണു ട്രാക്കിൽ കോൺക്രീറ്റ് സ്ലാബ് കണ്ടെത്തിയത്.
സംഭവം നടന്ന ഉടൻ റെയിൽവേ പോലീസും വളപട്ടണം പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവികളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.